ഇടപ്പാളയം നാല് സെന്റ് കോളനിക്കാർക്കായി നടപ്പാലം പൂർത്തിയായി
text_fieldsഇടപ്പാളയം ആറുമുറിക്കട നാല് സെന്റ് കോളനിക്കാർക്കായി കഴുതുരുട്ടി ആറിന് കുറുകെ
നിർമിച്ച നടപ്പാലം
പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം ആറുമുറിക്കട നാല് സെന്റ് കോളനിക്കാരുടെ യാത്ര ദുരിതത്തിന് പരിഹാരമായി നടപ്പാലം തയാറായി. ദേശീയ പാതയിൽനിന്ന് കഴുതുരുട്ടി ആറിന് കുറുകെയാണ് ഇരുമ്പിൽ നടപ്പാലം നിർമിച്ചത്.
24 മീറ്റർ നീളവും 1.2 വീതിയുമാണ് പാലത്തിനുള്ളത്. കോളനി റോഡിൽനിന്ന് പാലത്തിലേക്ക് കയറിയിറങ്ങാൻ 11 മീറ്റർ നീളവും 1.2 മീറ്റർ വീതിയിൽ റാമ്പ് നിർമിച്ചിട്ടുണ്ട്. ദേശീയപാതയിൽനിന്ന് പാലത്തിലേക്കുള്ള ചെറിയ ഭാഗവും കൂടി പൂർത്തിയായാൽ പാലം കാൽനടക്ക് തുറന്നുകൊടുക്കും.
മുൻ മന്ത്രി കെ. രാജുവിന്റെ കാലത്ത് ആസ്തി വികസന ഫണ്ടിൽനിന്ന് 21 ലക്ഷം രൂപ അനുവദിച്ചാണ് പാലം നിർമിച്ചത്. കഴിഞ്ഞ മാർച്ചിലാണ് നിർമാണം തുടങ്ങിയത്. ആറ്റിന് അക്കരയുള്ള നാല് സെന്റ് കോളനിക്കാർ ഇക്കാലമത്രയും വളരെ ബുദ്ധിമുട്ടിയാണ് ദേശീയപാതയിലെത്തിയിരുന്നത്. കുട്ടികൾ ഇക്കരെയുള്ള സ്കൂളിലെത്താൻ വളരെ ബുദ്ധിമുട്ടിയിരുന്നു.
ആറ്റിൽ വെള്ളം കൂടുതലായാൽ അകലെയുള്ള ആറുമുറിക്കട പള്ളി പാലത്തിലൂടെയാണ് കോളനിയിലുള്ളവർ ദേശീയപാതയിലെത്തുന്നത്. വെള്ളം കുറയുമ്പോൾ ആറ് നടന്നുകയറും. പാലം നിർമിച്ചെങ്കിലും വശങ്ങളിൽ നെറ്റ് സ്ഥാപിക്കാത്തത് അപകട ഭീഷണിയുയർത്തുന്നു.
കുട്ടികൾ വശങ്ങളിലൂടെ ആറ്റിൽ വീഴുന്ന അവസ്ഥയായതിനാൽ വശങ്ങളിൽ നെറ്റ് സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്ന് കോളനിക്കാർ ആവശ്യപ്പെട്ടു.