കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
text_fieldsപുനലൂർ: കൃഷിയിടത്തിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. തെന്മല പഞ്ചായത്തിലെ ഉറുകുന്നു ഗ്രീൻവാലിക്ക് സമീപം ജോയ് വിലാസത്തിൽ ജോർജുകുട്ടി (60)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേശീയപാതയോട് ചേർന്ന് ജോർജുകുട്ടിയുടെ ഒരേക്കറോളം വരുന്ന കൃഷിഭൂമിക്ക് ചുറ്റും വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ അലൂമിനിയം കമ്പി വലിച്ചുകെട്ടി വൈദ്യുതി കടത്തിവിട്ടിരുന്നു. വ്യാഴാഴ്ച രാവിലെ ജോർജ്കുട്ടി കൃഷിയിടത്തിലേക്ക് കയറുമ്പോൾ വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്നാണ് വിവരം. തെന്മല പൊലീസ് കേസെടുത്തു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മേഖലയിൽ വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ പല കർഷകരും ഇത്തരത്തിൽ അപകടകരമായ വൈദ്യുതി വേലി സ്ഥാപിച്ചാണ് കൃഷി സംരക്ഷിക്കുന്നത്. കഴിഞ്ഞ മാസം പത്തനാപുരത്തിന് സമീപം പുന്നല കടശ്ശേരിയിൽ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞിരുന്നു.