ഒറ്റയാൻ കൃഷി നശിപ്പിച്ചു; മരം വീണ് വീട് തകർന്നു
text_fieldsആനച്ചാടി പാലത്തിന്
സമീപം ജമീലയുടെ പുരയിടത്തിൽ ഒറ്റയാൻ വരുത്തിയ നാശം
പുനലൂർ: ഒറ്റയാന്റെ ആക്രമണത്തിൽ മരം വീണ് വീട് തകർന്നു. വീട്ടമ്മ മറ്റൊരു വീട്ടിൽ ആയിരുന്നതിനാൽ രക്ഷപ്പെട്ടു. ആര്യങ്കാവ് കഴുതുരുട്ടി ആനച്ചാടി പാലത്തിനു സമീപം ജമീലയുടെ കൃഷിയിടത്തിലാണ് ഒറ്റയാൻ വലിയ നാശം വരുത്തിയത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഇവരുടെ പറമ്പിൽ ഇറങ്ങിയ കാട്ടാന മൂന്ന് തെങ്ങും പനമരവും വീടിന്റെ മുകളിലേക്ക് മറിച്ചിട്ടു. ഈ സമയം ജമീല ബന്ധുവിന്റെ കല്യാണത്തിന് പോയിരുന്നതിനാൽ വീട്ടിൽ ഇല്ലാതിരുന്നു. ഇവരുടെ പുരയിടത്തിലെ കൈയാലകളെല്ലാം ചവിട്ടിയും കുത്തിയും ആന തകർത്തു.
മരം വീണ് വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർത്തു. മൂന്ന് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. ആനയിറങ്ങിയ വിവരം പരിസരവാസികൾ ഉടൻ ആര്യങ്കാവ് വനം അധികൃതരെ അറിയിച്ചു. രണ്ടു മണിക്കൂറിനു ശേഷം വനപാലകർ എത്തിയെങ്കിലും പരമാവധി നാശം ഉണ്ടാക്കിയ ശേഷം ആന കാടുകയറി.

