ചെങ്കോട്ട-പുനലൂർ പാത വൈദ്യുതീകരണം; ആര്യങ്കാവ് വരെ ആദ്യഘട്ടംപൂർത്തിയായി
text_fieldsകോട്ടവാസൽ തുരങ്കത്തിലെ വൈദ്യുതി ലൈനിന്റെ മാതൃക
പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ പൂർണമായും വൈദ്യുതീകരിക്കുന്ന ജോലിയിൽ വൻപുരോഗതി. അടുത്ത ജൂണിൽ വൈദ്യുതീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള ജോലികൾ വളരെ വേഗത്തിൽ നടക്കുന്നു.
റെയിൽവേ ലൈൻ വൈദ്യുതീകരണത്തിനായി തെന്മലയിൽ സാധനങ്ങൾ എത്തിക്കുന്നു
ചെങ്കോട്ടയിൽനിന്ന് മൂന്ന് മാസം മുമ്പ് തുടങ്ങിയ ജോലികൾ ഭഗവതിപുരവും കഴിഞ്ഞ് ആര്യങ്കാവ് ഗവ. എൽ.പി.എസ് വരെ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കാനുള്ള അടിസ്ഥാനം പൂർത്തിയാക്കി. 1663 പോസ്റ്റുകളാണ് മൊത്തം വേണ്ടത്. പുനലൂർ മുതൽ ഇടമൺ വരെ അടിസ്ഥാനം സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുന്നു. ആര്യങ്കാവ് മുതൽ ചെങ്കോട്ട വരെയുള്ള ജോലികൾ വെള്ളിയാഴ്ച ആരംഭിക്കും.
ചെങ്കോട്ട-പുനലൂർ 50 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതീകരണത്തിന് 61.32 കോടി രൂപയാണ് അനുവദിച്ചത്. മുംബൈയിലെ വിക്രം എന്ന കമ്പനിയാണ് കരാർ എടുത്തത്. കൊല്ലം-പുനലൂർ 44 കിലോമീറ്റർ ദൂരത്തിൽ 43.44 കോടി ചെലവിൽ 2019 ജൂണിൽ പണി തുടങ്ങി കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കി.
ചില ട്രെയിനുകൾ വൈദ്യുതി എൻജിനിൽ ഓടിക്കുന്നുണ്ട്. കൊല്ലം-ചെങ്കോട്ട ലൈൻ പൂർണമായും വൈദ്യുതീകരിച്ചാൽ ഈ മേഖലയിൽ കൂടുതൽ നേട്ടം കൈവരും. സമയലാഭത്തിനൊപ്പം ട്രെയിനുകളുടെയും കോച്ചുകളുടെയും എണ്ണം വർധിക്കും. വിസ്റ്റോഡാം കോച്ചുകൾ വരുന്നതോടെ കിഴക്കൻമേഖലയിലെ വിനോദസഞ്ചാര മേഖലയിലും നേട്ടമാകും.