താലൂക്കാശുപത്രിയിലെ പാലുകാച്ചൽ വിവാദത്തിൽ
text_fieldsപുനലൂർ താലൂക്കാശുപത്രിയിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള പാലുകാച്ചലിൽ പ്രതിഷേധിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ
പുനലൂർ: രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത പുനലൂർ താലൂക്കാശുപത്രിയുടെ പുതിയ മന്ദിരത്തിൽ ഞായറാഴ്ച നടന്ന പാലുകാച്ചൽ പരിപാടി വിവാദമായി.
പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം ഞായറാഴ്ച മാറ്റുന്നതിെൻറ ഭാഗമായാണ് മന്ത്രി കെ. രാജു, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം തുടങ്ങിയവർ പങ്കെടുത്ത പരിപാടി നടത്തിയത്. തെരഞ്ഞെടുപ്പിന് തലേന്നുള്ള ഈ പരിപാടി ചട്ടലംഘനമാണെന്ന് പറഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ രംഗത്തുവന്നു.
രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടം വീണ്ടും മന്ത്രി കെ. രാജു ഉദ്ഘാടനം നിർവഹിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ഇവർ ആരോപിച്ചു. മന്ത്രിയും മുനിസിപ്പൽ ചെയർപേഴ്സനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും അടക്കമുള്ള നിരവധിപേരെ കൂട്ടിയാണ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തി ഹോസ്പിറ്റൽ കെട്ടിടത്തിൽ പാലുകാച്ചൽ നടത്തിയത്. ഇത് നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും എച്ച്.എം.സി അംഗവുമായ നെൽസൺ സെബാസ്റ്റ്യനും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി. വിജയകുമാറും ആരോപിച്ചു പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മന്ത്രി കെ. രാജുവിനും ആശുപത്രി സൂപ്രണ്ടിനുമെതിരെ തെരഞ്ഞെടുപ്പ് കമീഷന് യു.ഡി.എഫ് പരാതി നൽകി.