ഭീഷണിയായി സ്കൂളിൽ മരപ്പട്ടി
text_fieldsമരപ്പട്ടികളുടെ കേന്ദ്രമായ ആര്യങ്കാവ് ഗവ.എൽ.പി സ്കൂളിലെ മച്ച്
പുനലൂർ: ആര്യങ്കാവ് ഗവ.എൽ.പി സ്കൂളിൽ മരപ്പട്ടിശല്യം രൂക്ഷമാകുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഭീഷണിയാകുന്നു. ഓടിട്ട പഴയകെട്ടിടത്തിലെ സ്മാർട്ട് ക്ലാസ് മുറിയുടെ മച്ചിലാണ് ഇവയുടെ സഹവാസം.
ക്ലാസ് സമയത്ത് മരപ്പട്ടികൾ പുറത്തേക്ക് ചാടുന്നത് കുട്ടികളെ ഭീതിയിലാക്കുന്നു. ഇവയുടെ വിസർജ്യം കാരണം പലദിവസങ്ങളിലും ദുർഗന്ധംമൂലം മുറികളിൽ കയറാനും കഴിയുന്നില്ല. മരപ്പട്ടികളെ പിടിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ പ്രസിഡന്‍റ് ആര്യങ്കാവ് റേഞ്ച് അധികൃതർക്ക് പരാതി നൽകി.
വ്യാഴാഴ്ച വനപാലകർ സ്കൂളിൽ പരിശോധന നടത്തി. മരപ്പട്ടിയെ കൂട് വെച്ച് പിടിക്കുന്നത് പ്രായോഗികമല്ലാത്തിനാൽ ഇവ തമ്പടിക്കുന്ന കെട്ടിടത്തിന്‍റെ മച്ച് പൊളിച്ചുമാറ്റണമെന്ന് നിർദേശിച്ചു. എന്നാൽ, സ്കൂൾ അധികൃതർ ഇതിന് തയാറായിട്ടില്ല. പുനലൂർ എ.ഇ.ഒ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മച്ച് പൊളിച്ചുമാറ്റാൻ നിർദേശം നൽകുമെന്നറിയിച്ചു. വെള്ളിയാഴ്ച ഹെൽത്ത് ഇൻസ്പെക്ടർ സ്കൂളിൽ പരിശോധന നടത്തി.