മുക്കടവിൽ പാറയിടുക്കുകളിലെ കുളി അപകടകരം; സുരക്ഷാ സംവിധാനങ്ങളില്ല
text_fieldsമുക്കടവ് ആറ്റിലെ പാറയിടുക്കിൽ കുളിക്കുന്ന ശബരിമല തീർഥാടകർ
പുനലൂർ: മുക്കടവ് ആറ്റിലെ പാറക്കെട്ടുകൾക്കിടയിലുള്ള ശബരിമല തീർഥാടകരുടെ കുളി അപകട ഭീഷണിയാകുന്നു. സീസണിൽ ദിവസവും ആയിരക്കണക്കിന് തീർഥാടകരാണ് ഇവിടെ കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും എത്തുന്നത്. ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
ചിതറക്കിടക്കുന്ന വഴുവഴുപ്പായ പാറയിടുക്കുകളും കുഴികളും നിറഞ്ഞതാണ് ഇവിടുത്തെ കുളിക്കടവ്. അപകടാവസ്ഥ മനസിലാക്കാതെയാണ് കുട്ടികളും വയോധികരും അടക്കം എല്ലാവരും ഈ ആറ്റിൽ ഇറങ്ങുന്നത്. കാൽവഴുതിപ്പോയാൽ പാറയിൽ വീണ് അപകടം ഉറപ്പാണ്. വെള്ളത്തിലുള്ള പല പാറകളും ഗർത്തമാണ്. വെള്ളം കുറവെങ്കിലും താഴേക്കുള്ള കുത്തൊഴുക്കു കാരണം ചെറിയ വെള്ളത്തിൽ ഇറങ്ങിയാൽപ്പോലും കാൽ വഴുതി താഴേക്ക് കയത്തിലേക്ക് ഒഴുകി പോകും. മുമ്പ് നിരവധി അപകടങ്ങൾ ഇവിടുണ്ടായി പലർക്കും ജീവൻ പൊലിഞ്ഞിട്ടുണ്ട്. അന്തർ സംസ്ഥാന പാതയുടെ ഭാഗമായതിനാൽ ഇതുവഴിയുള്ള വണ്ടിക്കാരും ഇവിടെയാണ് കുളിക്കാൻ ഇറങ്ങുന്നത്. ജില്ല പഞ്ചായത്തും പിറവന്തൂർ ഗ്രാമപഞ്ചായത്തും വർഷങ്ങൾക്ക് മുമ്പ് ഇവിടെ രണ്ടു കടവുകൾ നിർമിച്ചെങ്കിലും ആറ്റിലെ അപകടകരമായ കല്ലുകൾ നീക്കം ചെയ്യാൻ തയാറായിട്ടില്ല. റോഡിൽ നിന്നും ആറ്റിലേക്ക് ഇറങ്ങാൻ പടിക്കെട്ടും കൈവരിയും നിർമിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇവയാകട്ടെ പലയിടത്തും തകർന്നുകിടക്കുന്നു.
രാത്രിയിൽ മതിയായ വെളിച്ചവുമില്ല. വിഷപ്പാമ്പുകളുടെ കേന്ദ്രമായ ആറ്റ് തീരത്തെ കാട് നീക്കാനും ഇത്തവണ അധികൃതർ തയറായില്ല. ഇതുകാരണം രാത്രിയിൽ ഇവിടെ കുളിക്കാനും പ്രാഥമിക ആവശ്യത്തിനും എത്തുന്ന തീർഥാടകർ വലിയ ബുദ്ധിമുട്ട് നേരിടുന്നു.
വാഹന പാർക്കിങിന് ആവശ്യത്തിന് സ്ഥലമുള്ളതിനാൽ, ആറ്റിലും തീരത്തും ചിതറകിടക്കുന്ന കല്ലുകൾ നീക്കം ചെയ്താൻ അപകടരഹിതമായ ഒരു കുളിക്കടവാക്കാം. കൂടാതെ പ്രഥമിക ആവശ്യങ്ങൾക്ക് ആറ്റിന്റെയും റോഡുകളുടെയും വശം ഒഴിവാക്കാൻ ഫീസ് ഇടാക്കുന്ന നിലയിലെങ്കിലും കക്കൂസ് സംവിധാനവും ഒരുക്കിയാൽ ഇവിടെ എത്തുന്നവർക്ക് വലിയ അനുഗ്രഹമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

