ആയിരം രൂപയെ ചൊല്ലി ഓട്ടോ ഡ്രൈവറെ നടുറോഡിൽ വെട്ടിക്കൊന്ന സുഹൃത്ത് അറസ്റ്റിൽ
text_fieldsപുനലൂർ: ആയിരം രൂപയെ ചൊല്ലി ഓട്ടോ ഡ്രൈവറായ യുവാവിനെ നടുറോഡിൽ കഴുത്തുവെട്ടിക്കൊന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ചെമ്മന്തൂർ മുരുകൻ കോവിലിന് സമീപം സന്തോഷ് ഭവനിൽ ചാക്കോ എന്ന സനിൽകുമാർ (39) കൊലചെയ്യപ്പെട്ട കേസിൽ ഓട്ടോ ഡ്രൈവറായ ചെമ്മന്തൂർ പകിടിയിൽ ചരുവിള വീട്ടിൽ സുരേഷ് (49) ആണ് അറസ്റ്റിലായത്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ചൊവ്വാഴ്ച രാത്രി 7.30ഓടെ ചെമ്മന്തൂർ-കുതിരച്ചിറ റോഡിലായിരുന്നു സനിൽകുമാർ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയിൽ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബുധനാഴ്ച വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സനിൽകുമാറിനോട് പ്രതി ആയിരം രൂപ വായ്പ ചോദിച്ചിരുന്നത് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മരംവെട്ടുകാരൻ കൂടിയായ പ്രതി ഓട്ടോയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സനിലിനെ വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കഴുത്തറ്റ നിലയിൽ റോഡിൽ വീണ സനിൽ തൽക്ഷണം മരിച്ചു.
ഫോറൻസിക്, വിരലടയാള വിദഗ്ധർ കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ കടകളിലെ സി.സി.ടിവി കാമറകളിൽ നിന്നും കൊലപാതകം സംബന്ധിച്ച ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സനിൽകുമാറിെൻറ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

