വീണ്ടും അപകടം; നെല്ലിപ്പള്ളിയിൽ ബസ് ഉൾപ്പെടെ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു
text_fieldsപുനലൂർ: നെല്ലിപ്പള്ളിയിൽ വീണ്ടും വാഹനാപകടം. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. പുനലൂർനിന്ന് പത്തനാപുരത്തേക്കുപോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് നെല്ലിപ്പള്ളി എസ്.ആർ.ടിഒ ഓഫിസിന് മുന്നിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന എം.വി.ഐ സുദീപിന്റെ കാറിന്റെ പിൻഭാഗത്ത് ആദ്യം ഇടിച്ചു. ഈ കാർ മുന്നോട്ട് നീങ്ങി സ്ട്രീറ്റ് ലൈറ്റിലും മറ്റൊരു കാറിലും ഇടിച്ചു നിൽക്കുകയായിരുന്നു. രണ്ടു കാറിലും ആൾക്കാർ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി.
പുനലൂർ-പൊൻകുന്നം പാത നവീകരിച്ചശേഷം നെല്ലിപ്പള്ളി മുതൽ മുക്കടവ് വരെ നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. മഴ പെയ്തു കഴിഞ്ഞാൽ റോഡ് തെന്നുന്നതാണ് അപകടത്തിന് പ്രധാന കാരണം. ഇതുസംബന്ധിച്ച് ഞായറാഴ്ച ‘മാധ്യമം’വാർത്ത നൽകിയിരുന്നു.

