പുനലൂരിൽ കനാൽ പുറമ്പോക്ക് പട്ടയത്തിനായി 629 അപേക്ഷകൾ
text_fieldsപുനലൂർ: കല്ലട ജലസേചന പദ്ധതിയുടെ കനാൽ പുറമ്പോക്കിൽ വസിക്കുന്നവർക്ക് പട്ടയത്തിനായി കൈവശക്കാരിൽ നിന്നും ലഭ്യമായത് 426 അപേക്ഷകൾ. കുടാതെ കെ.ഐ.പി ആസ്ഥാനമായ തെന്മല ഡാം ജങ്ഷനിൽ പദ്ധതിയുടെ ഭൂമിയിൽ താമസിക്കുന്ന തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന 203 കുടുംബങ്ങളും പട്ടയത്തിന് അർഹരായുണ്ട്.
പുനലൂർ താലൂക്കിൽ മാത്രമുള്ളതാണ് ഇത്രയും അപേക്ഷകൾ. കനാൽ കടന്നുപോകുന്ന പത്തനാപുരം ഉൾപ്പെടെ മറ്റു താലൂക്കിലും സമാനമായ നടപടി പുരോഗമിക്കുന്നു. പുനലൂരിൽ ലഭ്യമായ അപേക്ഷ കെ.ഐ.പി, റവന്യൂ സംഘം പരിശോധിച്ചശേഷം സ്ഥലം സന്ദർശിച്ച് പ്ലാനും മറ്റും തയാറാക്കിയിട്ടുണ്ട്. പട്ടയം നൽകുന്നതിന്‍റെ ഭാഗമായി ഇതിനകം റവന്യൂ- കല്ലട ജലസേചന പദ്ധതി അധികൃതർ പലവട്ടം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
എന്നാൽ, കനാൽ ഭൂമി കൈയേറി സ്വന്തമാക്കിയവർക്ക് പതിച്ചുകൊടുക്കുന്നതിനോട് ജലസേചന പദ്ധതി അധികൃതർക്ക് യോജിപ്പില്ലെന്നാണ് അറിയുന്നത്. ജലസേചന വകുപ്പിന്‍റെ എതിർപ്പ് ഉണ്ടായാലും മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പട്ടയം കൊടുക്കാനുള്ള മറ്റ് നടപടിയെന്ന് അറിയുന്നു.
പുനലൂർ താലൂക്കിലെ ഇടമൺ വില്ലേജിൽ 236, തെന്മല 153, കരവാളൂർ 27, അഞ്ചൽ 5, ആയിരനല്ലൂർ 5 എന്നിങ്ങനെയാണ് കൈവശക്കാരിൽ നിന്നും അപേക്ഷ ലഭിച്ചിട്ടുള്ളത്. അർഹരായവരുടെ അപേക്ഷ സ്വീകരിക്കാനായി അടുത്തിടെ രണ്ടാം ശനിയും ഞായറാഴ്ച ദിവസങ്ങളിലും വില്ലേജ് ഓഫീസുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. പദ്ധതിയുടെ വലത്-ഇടത് കര കനാലുകളുടെ പുറമ്പോക്കിൽ ഏറെക്കാലമായി വസിക്കുന്ന കുടുംബങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. കൈവശം എത്ര കൂടുതൽ ഭൂമി ഉണ്ടായാലും ഇതിൽ വിടുള്ള 15 സെന്റ് വരെയാണ് പട്ടയം ലഭിക്കുക.
പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഭൂമി അരനൂറ്റാണ്ട് മുമ്പ് ജനങ്ങളിൽ നിന്നും സർക്കാർ പൊന്നുവിലക്ക് എടുത്തതാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പദ്ധതി പ്രദേശം. കനാലുകളും അനുബന്ധ റോഡുകളും മറ്റും സ്ഥാപിച്ചതിന് ശേഷം സംരക്ഷണമില്ലാതെയുള്ള ബാക്കി ഭൂമി ആളുകൾ കയ്യേറി താമസവും കൃഷിയും തുടങ്ങി. ഇവർക്ക് പട്ടയം ലഭ്യമാക്കുക എന്ന ഏറെകാലമായുള്ള ആവശ്യം പരിഗണിച്ച് അടുത്തിടെ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഈ മേഖലയിൽ എത്തി സ്ഥിതിഗതികൾ മനസ്സിലാക്കുകയും താമസക്കാരുടെ പരാതി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇതിനുശേഷമാണ് പട്ടയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുവാൻ തുടങ്ങിയത്. ഇതിന് മുന്നോടിയായി ബന്ധപ്പെട്ട മന്ത്രിമാരും പി.എസ്. സുപാൽ എം.എൽ.എയും വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന സർക്കാരിെന്റ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കനാൽ പുറമ്പോക്കുകാർക്കും പട്ടയും നൽകാനുള്ള നടപടികളാണ് നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

