കുറ്റാലത്ത് 50 കടകൾ കത്തിനശിച്ചു; ഒരു കോടിയുടെ നഷ്ടം
text_fieldsകുറ്റാലം വെള്ളച്ചാട്ടത്തിനു സമീപം തീപിടിത്തത്തിൽ നശിച്ച കടകൾ
പുനലൂർ: വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലത്ത് തീപിടിത്തത്തിൽ 50 താൽക്കാലിക കടകൾ നശിച്ചു. ക്ഷേത്രത്തിന്റെ തെക്കുവശം മുതൽ പ്രധാന വെള്ളച്ചാട്ടംവരെയുള്ള താൽക്കാലിക കടകളാണ് നശിച്ചത്. ആളപായമില്ല.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ക്ഷേത്രത്തിന് സമീപം ചിലർ പാചകം ചെയ്യുന്നതിനിടെയാണ് തീപിടിച്ചത്. തീപ്പൊരി പറന്ന് അടുത്തുള്ള കടയിലേക്ക് വീണു. സമീപത്തെ മറ്റു കടകളിലേക്കും തീ പെട്ടെന്ന് പടർന്നു. ഇതോടെ കടയുടമകളും വിനോദസഞ്ചാരികളും നിലവിളിച്ച് ഓടി. ശക്തമായ കാറ്റിൽ തീ ആളിപ്പടർന്ന് കടകൾ മുഴുവൻ കത്തിനശിക്കുകയായിരുന്നു.
അൽപസമയത്തിനുള്ളിൽ ചായക്കടകളിലും ഹോട്ടലുകളിലും ഉണ്ടായിരുന്ന നാല് ഗ്യാസ് സിലിണ്ടറുകൾ ഭയങ്കര ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും തീ ആളുന്നതിന് ഇടയാക്കി. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹോട്ടലുകൾ, ചായക്കടകൾ, മരുന്ന് കടകൾ, തുണിക്കടകൾ, പ്ലാസ്റ്റിക്, ഫാൻസി കടകൾ എന്നിവയാണ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് പ്രവർത്തിച്ചിരുന്നത്.
തെങ്കാശി ജില്ല ഫയർ ഓഫിസർ ഗണേശന്റെ നേതൃത്വത്തിൽ തെങ്കാശി, ചെങ്കോട്ട, കടയനല്ലൂർ, സുരണ്ടൈ ഫയർ സ്റ്റേഷനുകളിൽനിന്നുള്ള വാഹനങ്ങൾ എത്തി നാലു മണിക്കൂറോളം പരിശ്രമിച്ച സന്ധ്യയോടെയാണ് തീയണച്ചത്. അമ്പതോളം കടകളിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു.
തീപിടിത്തമുണ്ടായ കടകളിൽ കലക്ടർ ദുരൈ രവിചന്ദ്രൻ പരിശോധന നടത്തി. അപകടത്തിൽ കുറ്റാലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുറ്റാലം വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾ കുറവായിരുന്നതിനാൽ മറ്റു ദുരന്തങ്ങൾ ഒഴിവായി.