ജലസമൃദ്ധിക്കായി ജലബജറ്റുമായി പുനലൂർ നഗരസഭ
text_fieldsപുനലൂരിനെ ജലസമൃദ്ധിയിലേക്കെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി വെട്ടിപ്പുഴ തോട് ശുചീകരിക്കുന്നു
പുനലൂര്‍: വേനൽകാലങ്ങളില്‍ വലിയചൂടും വരള്‍ച്ചയും നേരിടുന്ന പുനലൂരിനെ ജലസമൃദ്ധിയിലാക്കാന്‍ ജലബജറ്റുമായി നഗരസഭ. ഇതിന്റെ ഭാഗമായി കരട് ജലബജറ്റ് നഗരസഭ കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്തു. എല്ലാ ജലസ്രോതസ്സുകളും കണ്ടെത്തി പഠന വിധേയമാക്കും. മഴവെള്ളം ഉള്‍പ്പെടെ ഒരുവര്‍ഷം പുനലൂരില്‍ ലഭിക്കുന്ന ജലവും ജലത്തിന്റെ ഉപയോഗവും പഠനവിധേയമാക്കിയാണ് ജലബജറ്റ് തയാറാക്കുന്നത്. മഴക്കാലങ്ങളില്‍ ലഭിക്കുന്ന ജലത്തെ സംഭരിക്കുന്നതുവഴി വേനൽകാലത്തും ഉപയോഗപ്പെടുത്താന്‍ കഴിയുംവിധം പദ്ധതികള്‍ക്ക് രൂപംനല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിന്‍വലിച്ചശേഷം സമഗ്രവും വിശദവുമായ ജലബജറ്റ് തയാറാക്കി നടപ്പാക്കുമെന്ന് ചെയര്‍മാൻ എം.എ. രാജഗോപാല്‍ അറിയിച്ചു.
വരുന്ന ഒരുവര്‍ഷത്തിനുള്ളില്‍ നഗരസഭ പ്രദേശത്തെ ചെറുതും വലുതുമായ എല്ലാ നീരൊഴുക്കുകളും ജലസ്രോതസ്സുകളും ശുചീകരിക്കും. ഇതിന്റെ ഭാഗമായി കല്ലടയാറിലേക്ക് ഒഴുകിയെത്തുന്ന പ്രധാന തോടുകളായ മുറിഞ്ഞകലുങ്ക്-വെട്ടിപ്പുഴ, ചെമ്മന്തൂര്‍-വെട്ടിപ്പുഴ, ചെമ്മന്തൂര്‍ റോഡ്-സ്‌റ്റേഡിയം എന്നിവ ശുചിയാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. മാലിന്യം മുഴുവന്‍ നീക്കംചെയ്യും. തോടുകളുടെ സ്വാഭാവിക ഘടന വീണ്ടെടുക്കും. ഇതുവഴി നീരൊഴുക്ക് സുഗമമാകും. നടപ്പ് സാമ്പത്തിക വർഷം തന്നെ നഗരത്തെ ജലസമൃദ്ധമാക്കുന്ന പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

