പുനലൂർ ബസ് സ്റ്റാൻഡ്; ഇനി ബസ് പിടിക്കാൻ നെട്ടോട്ടം വേണ്ട; ‘ബസ് ബേ’ മാർക്ക് ചെയ്തു
text_fieldsപുനലൂർ: കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ ബസുകൾ നിർത്തിയിടുന്നതിന് നിശ്ചിതമായ ബേകൾ നിർണയിച്ച് മാർക്ക് ചെയ്തു. ഓരോ മേഖലയിലേക്കുമുള്ള ബസുകളിൽ കയറുന്നതിന് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തിങ്കളാഴ്ച ബസ് ബേ മാർക്കിങ് തുടങ്ങിയത്.
ഡിപ്പോയിലും അനുബന്ധമായും നിരവധിയായി നവീകരണപ്രവർത്തനങ്ങൾ അടുത്ത കാലത്ത് പൂർത്തിയാക്കിയെങ്കിലും ബസുകൾ നിർത്തിയിടുന്നതിന് പ്രത്യേകമായ ക്രമീകരണങ്ങൾ വരുത്തിയിരുന്നില്ല. ഇതുകാരണം ഒരോ ഭാഗത്തേക്കുമുള്ള ബസുകൾ പിടിക്കുമ്പോൾ കയറുന്നതിനായി യാത്രക്കാർ പലഭാഗത്ത് നിന്നായി ബസുകൾക്ക് മുന്നിലൂടെ ഓടേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും അപകടത്തിനിടയാക്കുന്നു.
അപകടവും തിരക്കും ഒഴിവാക്കാൻ ബസ് ബേകൾ യാത്രക്കാർക്ക് സഹായമാകും. ഡിപ്പോയുടെ മുൻവശത്ത് നാലും ഇടത് വശത്ത് രണ്ടും ഉൾപ്പെടെ ആറിടത്താണ് ബേകൾ മാർക്ക് ചെയ്യുന്നത്. മുൻവശത്തെ ഒന്നാമത്തേ ബേ അഞ്ചൽ, തിരുവനന്തപുരം ഭാഗത്തേക്കുള്ളതും രണ്ടാമത്തേതിൽ കുന്നിക്കോട്, കൊട്ടാരക്കര, കൊല്ലം ഭാഗത്തിനും മൂന്ന് ഇടമൺ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി ഭാഗത്തേക്കും നാലാമത്തേത് പത്തനാപുരം, പത്തനംതിട്ട, അടൂർ, കായംകുളം ഭാഗത്തേക്കുമാണ്.
ഇടതുഭാഗത്തുള്ള അഞ്ചിൽ കണ്ണൂർ ഉൾപ്പെടെ വടക്കൻ ജില്ലകളിലേക്കുള്ളതും ആറാമത്തേത് അച്ചൻകോവിലിനുമാണ്. ഒരേ ഭാഗത്തേക്കുള്ള ഒന്നിലധികം ബസ് സ്റ്റാൻഡിൽ പിടിക്കുകയാണെങ്കിൽ നിലവിലെ സൗകര്യം കണക്കാക്കി പാർക്ക് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

