തിരക്കേറി; പുനലൂർ മിനി പമ്പയിൽ കാര്യങ്ങൾ കൈവിടുന്നു
text_fieldsപുനലൂർ: തീർഥാടകരുടെയും വാഹനങ്ങളുടെയും തിരക്ക് വർധിച്ചതോടെ പുനലൂർ മിനി പമ്പയിലെ കാര്യങ്ങൾ നിയന്ത്രണാതീതമായി. ഇവിടത്തെ തിരക്ക് കാരണം കൊല്ലം-ചെങ്കോട്ട ദേശീയപാതയിലും പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിലും മിക്കപ്പോഴും ഗതാഗത തടസ്സവും കുരുക്കുമാണ്. മകര വിളക്കിനായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് തീർഥാടകർ ധാരാളമായി പുനലൂർ വഴി എത്തുന്നുണ്ട്. ഇവർ വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും സാധനങ്ങൾ വാങ്ങാനുമായി പുനലൂർ ടി.ബി ജങ്ഷനിലെ മിനി പമ്പയിലാണ് സമയം ചെലവഴിക്കുന്നത്.
എന്നാൽ, ഇവിടെ വർധിച്ച തീർഥാടകരെ ഉൾക്കൊള്ളാൻ മതിയായ സൗകര്യങ്ങളില്ല. സൗകര്യങ്ങൾ ഉള്ള ഭാഗത്ത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നുമില്ല. പാതയുടെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ട് തീർഥാടകർ ആവശ്യങ്ങൾക്ക് ഇറങ്ങുന്നതോടെ മൊത്തത്തിൽ തിരക്കാവുന്നു. ഇത് കുരുക്കായി രൂപപ്പെടുകയാണ്. ഇവിടെ തിരക്ക് നിയന്ത്രിക്കാൻ 19 സ്പെഷൽ പൊലീസിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നിയന്ത്രണത്തിന് അപ്പുറമായി കാര്യങ്ങൾ. ഇടക്കിടെ പൊലീസും പരിശോധന നടത്തുന്നുണ്ടെങ്കിലും കാര്യങ്ങൾ നേരാംവണ്ണമാക്കാൻ കഴിയുന്നില്ല.
വാഹനങ്ങളുടെ പാർക്കിങ്ങിന് കൃത്യമായി നിയന്ത്രണം ഇല്ലാത്തതാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പാതയുടെ വശത്തുള്ള താൽക്കാലിക കടകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതോടെ കുരുക്ക് രൂക്ഷമാവുകയാണ്. ഉച്ചക്ക് ശേഷമാണ് പലപ്പോഴും കാര്യങ്ങൾ കൈവിട്ടു പോകുന്നത്. തൊട്ടടുത്ത് നെല്ലിള്ളിയിൽ ക്ഷേത്രത്തോടനുബന്ധിച്ച് ഇടത്താവളവും പാർക്കിങ് സൗകര്യവും ഉണ്ടെങ്കിലും അവിടേക്ക് വാഹനങ്ങളും തീർഥാടകരെയും വിടാൻ അധികൃതർ തയാറാകുന്നില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ പൊലീസിനെ നിയമിച്ച് കാര്യങ്ങൾ നിയന്ത്രിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

