ഭൂമി വാങ്ങിയിട്ട് 30 വർഷം; പൊതു ശ്മശാനം യാഥാർഥ്യമായില്ല
text_fieldsപൊതു ശ്മശാനത്തിനായി വാങ്ങിയ ഭൂമി കാടുകയറിയ നിലയിൽ
പത്തനാപുരം: ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിനായി വാങ്ങിയ ഭൂമി കാടുകയറുന്നു. 1998 ലാണ് നെടുംപറമ്പ് നീലിക്കോണത്ത് ഒരേക്കർ ഭൂമി പൊന്നുംവിലക്ക് വാങ്ങിയത്. 50 സെന്റ് ഭൂമി പൊതു ശ്മശാനത്തിനും, 50 സെന്റ് ഭൂമി ചപ്പ് ചവറു സംസ്കരണത്തിനും ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് ഭൂമി വാങ്ങിയത്.
എന്നാൽ വസ്തു അളന്നു തിട്ടപ്പെടുത്തി ചുറ്റുമതിൽ കെട്ടിയതല്ലാതെ തുടർനടപടി കടലാസിലൊതുങ്ങുകയായിരുന്നു. ആദ്യകാലത്ത് പ്രദേശത്ത് എതിർപ്പ് ഉയരുകയും, അന്നത്തെ സബ് കലക്ടർ ഡോ. ചിത്ര സ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി പൊതുശ്മശാനത്തിന് അനുകൂലമായി റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുശ്മശാനം യാഥാർഥ്യമായില്ല.
ഭൂരഹിതരായവർ മൃതദേഹങ്ങൾ കുഴിച്ചിടാൻ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചതും കഴിഞ്ഞകാലങ്ങളിൽ ഇവിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. പാതിരിക്കൽ മേഖലയിൽ ഒരു മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ടത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയിൽ കടക്കാമണ്ണിൽ ഒരു സ്ത്രീയുടെ മൃതദേഹം അടക്കം ചെയ്യാൻ, ഓട്ടോറിക്ഷ ഡ്രൈവർ വീട് വെക്കാൻ വാങ്ങിയ ഭൂമി വിട്ടുനൽകി.
നീലിക്കോണത്ത് ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിന് വാങ്ങിയ ഭൂമിയോട് ചേർന്ന്, ഒരു സഭയുടെ കല്ലറ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. എന്നിട്ടും പൊതുശ്മശാനം യാഥാർഥ്യമാക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണ് ശ്മശാനത്തിന് തടസ്സമാകുന്നതെന്ന് മുൻ ഗ്രാമപഞ്ചായത്ത് അംഗം എം. ഷെയ്ഖ് പരീത് കുറ്റപ്പെടുത്തി. അതെ സമയം, ആധുനിക രീതിയിലുള്ള വൈദ്യുത ശ്മശാനത്തിന് പ്ലാൻ ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ വകയിരുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

