ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനം വൈകുന്നതിനെതിരെ പ്രതിഷേധം
text_fieldsശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
ശാസ്താംകോട്ട: കുന്നത്തൂർ, അടൂർ, ചവറ, കൊട്ടാരക്കര കുണ്ടറ ഉൾപ്പെടെയുള്ള ഒരു വലിയ മേഖലയിലെ യാത്രക്കാരുടെ ആശ്രയമായ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി ആറരകോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായിട്ട് ഒരു വർഷമായിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. പ്രതിദിനം ഏഴായിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷന്റെ വാർഷിക വരുമാനം നാല് കോടി രൂപയാണ്. എന്നാൽ ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇപ്പോഴും ഇവിടെ ഉള്ളത്.
ഈ കൗണ്ടറിലൂടെയാണ് സാധാരണ ടിക്കറ്റും സീസണും റിസർവേഷനും തത്ക്കാലും ഒക്കെ നൽകുന്നത്. ഇത് മൂലം തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും പ്ലാറ്റ്ഫോമിന്റെ തെക്കേയറ്റത്തുള്ള കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്തു വരുമ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോം വിടുന്ന സംഭവങ്ങൾ പതിവാണ്. തത്ക്കാൽ അടക്കമുള്ള ടിക്കറ്റിന് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നവർക്ക് ഭൂരിപക്ഷം അവസരങ്ങളിലും ഇത് കിട്ടാറുമില്ല. പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ലാത്തതിനാൽ മഴയും വെയിലും നിന്ന് കൊള്ളുകയല്ലാതെ യാത്രക്കാർക്ക് മറ്റു മാർഗമില്ലാത്ത അവസ്ഥയാണ്. മഴക്കാലമായതോടെ പ്ലാറ്റ്ഫോം കാടുമൂടിയ അവസ്ഥയാണ്.
യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ശുചിമുറി സംവിധാനം തീരെ അപര്യാപതമാണ്. നിലവിലുള്ള ഒരു ശുചിമുറിക്ക് കതകും സ്ഥാപിച്ചിട്ടില്ല. പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ ശല്യവും ലഹരി വസ്തുക്കളുടെ വിൽപ്പനയും സജീവവുമാണ്. റെയിൽവേ സ്റ്റേഷന്റെ വികസനത്തിനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടും ഒരു വർഷമായിട്ടും പ്രവൃത്തി ആരംഭിക്കാത്തതിൽ നാട്ടുകാരും യാത്രക്കാരും വിവിധ സംഘടനകളും ചേർന്ന് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ തിരക്കു കുറയ്ക്കാൻ എ.റ്റി.വി മെഷീൻ അനുവദിക്കുക, കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗലാപുരം എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനസ്ഥാപിക്കുക, ഇന്റർസറ്റി, മാവേലി, ശബരി എക്സ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, പ്ലാറ്റ്ഫോമിന്റെ ഉയരം വർദ്ധിപ്പിക്കുക, പ്ലാറ്റ്ഫോമിന് മേൽക്കൂര നിർമ്മിച്ച് കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, നിശ്ചിത ഇടവേളകളിൽ കാടുവെട്ടി വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

