വിളക്കുപാറയിലെ ടാർ മിക്സിങ് പ്ലാന്റിനെതിരെ പ്രതിഷേധം;പ്ലാന്റിൽനിന്ന് പുറന്തള്ളുന്ന വിഷപ്പുകയും മലിനജലവും നാട്ടുകാർക്ക് ദുരിതം
text_fieldsഏരൂർ വിളക്കുപാറയിലെ അനധികൃത ടാർ മിക്സിങ് പ്ലാന്റ്
അഞ്ചൽ: ഏരൂർ വിളക്കുപാറയിൽ രണ്ട് വർഷത്തിലേറെയായി പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽനിന്ന് പുറന്തള്ളുന്ന വിഷപ്പുകയും മലിനജലവും നാട്ടുകാർക്ക് ദുരിതമാകുന്നു. നിരവധി കുട്ടികൾ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിൽ ചികിത്സയിലാണ്. മലിനജലം ഒഴുകി കൃഷിയും ജലാശയങ്ങളും പരിസരത്തെ കുടിവെള്ളകിണറുകളും മലിനപ്പെടുന്നു. കൂറ്റൻ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാൽ പരിസരത്തെ വീടുകളുടെ ഭിത്തികൾക്ക് വിള്ളലുണ്ടായി. സ്ഥിതി തുടർന്നാൽ ഏതുനിമിഷവും വീടുകൾ തകർന്നുവീഴുമെന്ന് ഭീതിയിലാണ് നാട്ടുകാർ.
രണ്ട് വർഷംമുമ്പ് അഞ്ചൽ, ഏരൂർ പഞ്ചായത്തുകളിലായുള്ള അഞ്ച് റോഡുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് കരാറുകാരൻ ഇവിടെ ടാർ മിക്സിങ് ആരംഭിച്ചത്. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടിനേതാക്കളുമെത്തി നിർമാണം നടക്കുന്ന റോഡുകളുടെ ടാറിങ് കഴിഞ്ഞാൽ പ്ലാന്റ് മാറ്റുമെന്ന് പറഞ്ഞിരുന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും പ്ലാന്റിന്റെ പ്രവർത്തനം നിർത്തിയില്ല. പല പ്രവർത്തികൾക്കുള്ള ടാർ മിക്സിങ് ഇവിടെയാണ് നടത്തുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന പ്ലാന്റിന്റെ പ്രവർത്തം അവസാനിപ്പിക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

