ഗ്രാമീണ റോഡ് പദ്ധതിയുടെ ദിശ മാറ്റി നിർമിക്കാൻ ശ്രമം; പ്രതിഷേധം
text_fieldsപുനർനിർമാണത്തിന്റെ പേരിൽ ഗതാഗതം തടസപ്പെട്ടുകിടക്കുന്ന ഏരൂർ ഊരാളിയഴികം - കിണറ്റുമുക്ക് റോഡ്
അഞ്ചൽ: പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടിയോളം രൂപ അനുവദിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്ത റോഡ് ദിശ മാറ്റി നിർമാണം നടത്താൻ ശ്രമമെന്ന് ആരോപണം.
ഏരൂർ ഗ്രാമപഞ്ചായത്തിലെ കെട്ടുപ്ലാച്ചിയിൽ നിന്ന് ആരംഭിച്ച് ഇളവറാംകുഴി വഴി കിണറ്റുമുക്കിൽ അവസാനിക്കുന്ന നാലര കിലോമീറ്റർ റോഡാണ് ദിശ മാറ്റി ഊരാളിയഴികം പ്രദേശത്ത് കൂടി കിണറ്റുമുക്കിൽ എത്തിക്കുന്നതിനുള്ള ശ്രമം നടക്കുന്നതത്രേ.
ഇതിനായി, മുൻ മന്ത്രി കെ. രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ച റോഡ് ഒരു വർഷമെത്തും മുന്നേ വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കി. കേന്ദ്ര പദ്ധതി പ്രകാരമുള്ള റോഡ് നിർമിക്കാനെന്ന പേരിലായിരുന്നു ഇത്തരം നടപടി. ഇതിന് പിന്നിൽ വ്യക്തിപരവും രാഷ്ട്രീയപരവുമായ താല്പര്യങ്ങളുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡ് പൊളിച്ച് മെറ്റൽ ഇട്ടതിനാൽ ഇതു വഴി വാഹനയാത്ര ദുഷ്കരമായി. സ്കൂൾ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്തത് കാരണം കുട്ടികളേയും കൊണ്ട് രക്ഷാകർത്താക്കൾക്ക് ഏറെ ദൂരം നടന്നു പോകേണ്ടി വരുന്നു. ഇതുവഴിയുള്ള കുടിവെള്ള പൈപ്പുകളും തകർന്നതിനാൽ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. കേന്ദ്രഫണ്ട് അനുവദിച്ച നിർദ്ദിഷ്ട റോഡിന്റെ ദിശ മാറ്റി നിർമാണം നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും പിന്നിൽ കള്ളക്കളികളാണ് നടക്കുന്നതെന്നും അന്വേഷണം വേണമെന്നും മുൻ ഗ്രാമ പഞ്ചായത്തംഗവും പൊതു പ്രവർത്തകനുമായ എം. ബഷീർ ഉൾപ്പെടെ നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

