കൊല്ലത്തിന്റെ 'തപാൽ ഹൃദയം' മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം
text_fieldsകൊല്ലം: തപാൽ ഉരുപ്പടികളുടെ സംഗമസ്ഥാനമായി പ്രവർത്തിച്ച് ജില്ലയിൽ വേഗത്തോടെയും കൃത്യതയോടെയും തപാൽ വിതരണം സാധ്യമാക്കുന്ന കൊല്ലം ആർ.എം.എസ് നിർത്തലാക്കാനുള്ള നീക്കം ശക്തമാകുമ്പോൾ പ്രതിഷേധവും ചൂടുപിടിക്കുന്നു.
ലോകത്തിലെ വിവിധ കോണുകളിൽനിന്നും എത്തുന്ന തപാലുകൾ വേർതിരിച്ച് കൊല്ലം ജില്ലയിൽ ആകമാനവും ആലപ്പുഴ, പത്തനംതിട്ട അതിർത്തിപ്രദേശങ്ങളിലും വരെ എത്തിക്കുകയും അവിടങ്ങളിൽനിന്നുള്ളവ എത്തിച്ച് വേർതിരിച്ച് പലയിടത്തേക്കും അയക്കുകയും ചെയ്യുന്ന ജില്ലയിലെ 'തപാൽ ഹൃദയ'മാണ് സ്ഥലംമാറ്റൽ ഭീഷണിയുടെ നിഴലിൽ നിൽക്കുന്നത്.
തിരുവനന്തപുരത്തേക്ക് സോർട്ടിങ് കേന്ദ്രം മാറ്റിയാൽ റൂട്ട്മാപ്പ് ഉൾപ്പെടെ നിർദേശങ്ങളുടെ റിപ്പോർട്ട് സർക്കിൾ തലത്തിൽനിന്ന് ഡയറക്ടറേറ്റിലേക്ക് കൈമാറിക്കഴിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തിൽ സോർട്ടിങ് പുനഃക്രമീകരിക്കാൻ ഏതു നിമിഷവും ഉത്തരവ് വരുകയും പിന്നാലെ നടപ്പാകുകയും ചെയ്യും എന്നതാണ് നിലവിലെ സ്ഥിതി.
മുക്കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള കൊല്ലം ആർ.എം.എസ് ദിനംപ്രതി അരലക്ഷത്തോളം തപാൽ ഉരുപ്പടികളാണ് കൈകാര്യം ചെയ്യുന്നത്. ഇവിടത്തെ സ്പീഡ് പോസ്റ്റ് തരംതിരിക്കൽ 2008ൽ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഇപ്പോൾ ദിനംപ്രതി 7000ത്തോളം വരുന്ന രജിസ്ട്രേഡ് തപാൽ ഉരുപ്പടികൾ തരംതിരിക്കുന്നത് കൂടി തിരുവനന്തപുരം ഹബിലേക്ക് മാറ്റാനാണ് നീക്കം. ഇതോടെ സാധാരണ തപാൽ മാത്രം കൈകാര്യം ചെയ്യുന്ന കേന്ദ്രമാകുകയും ജില്ലയിലെ ഏറ്റവും വലിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലൊന്നിന് ക്രമേണ പൂട്ടുവീഴുകയും ചെയ്യും എന്നതാണ് മുന്നിലുള്ള ഭീഷണി.
അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നവയിൽ ഏറ്റവും വലുത്
സംസ്ഥാനത്തെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന 13 ആർ.എം.എസുകളിൽ ഏറ്റവും വലുതാണ് കൊല്ലത്തേത്. തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും വരുമാനം തപാൽ വകുപ്പിന് ലഭിക്കുന്നതും ഇവിടെനിന്നാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് കൊല്ലം ആർ.എം.എസ് എൽ-1 നിലവാരത്തിലേക്ക് ഉയർത്തുകയും ഇൻട്രാ സർക്കിൾ ഹബ് ഇവിടെ തുടങ്ങുകയും വേണമെന്ന് ആവശ്യമുയരുന്നത് കണ്ടില്ലെന്ന് നടിച്ചാണ് അടച്ചുപൂട്ടാനുള്ള നീക്കം.
തിരുവനന്തപുരം സോർട്ടിങ് ഹബിലേക്ക് രജിസ്റ്റേർഡ് തപാൽ മാറ്റിയാൽ വരുമാനമില്ലാത്ത സാധാരണ തപാൽ കൈകാര്യം ചെയ്യുന്ന കേന്ദ്രം മാത്രമാകുകയും ഇതുചൂണ്ടിക്കാട്ടി അടച്ചുപൂട്ടാൻ എളുപ്പമാകുകയും ചെയ്യും. നിലവിൽ 75ഓളം സ്ഥിരം ജീവനക്കാരും 50 ഓളം താൽക്കാലിക ജീവനക്കാരുമാണ് കൊല്ലം ആർ.എം.എസിൽ ജോലിനോക്കുന്നത്. ഇവരിൽ സ്ഥിരം ജീവനക്കാരെ പലയിടങ്ങളിലേക്ക് സ്ഥലം മാറ്റുമ്പോൾ താൽക്കാലികക്കാർക്ക് തൊഴിൽ നഷ്ടമാകും. ജില്ലയിലെ തപാൽ വിതരണത്തിന്റെ കാര്യക്ഷമതയും വേഗവും കൃത്യതയും ഇതോടെ കൂപ്പുകുത്തുകയും ചെയ്യും.
കനത്ത പ്രതിഷേധം
കൊല്ലം ആർ.എം.എസ് മാറ്റുന്നതിനെതിരെ ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതിഷേധമാണ് ഏതാനും ദിവസങ്ങളായി അരങ്ങേറുന്നത്. എന്നാൽ, അധികൃതരിൽനിന്ന് അനുകൂലമായ പ്രതികരണം ഇതുവരെ വന്നിട്ടില്ല. വെള്ളിയാഴ്ച കൊല്ലം ആർ.എം.എസിന് മുന്നിൽ നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ (എൻ.എഫ്.പി.ഇ) നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തും. ആഗസ്റ്റ് ഒന്നു മുതൽ ജില്ലയിലുടനീളം പ്രതിഷേധം അരങ്ങേറും. ആഗസ്റ്റ് 10ന് ആർ.എം.എസുകൾ നിർത്തലാക്കുന്നതിനെതിരെ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ, ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ) എന്നിവയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പണിമുടക്കിനും നോട്ടീസ് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

