മുക്കുപണ്ട മാഫിയ സജീവമെന്ന് പ്രൈവറ്റ് ബാങ്ക് ഉടമകൾ
text_fieldsകൊല്ലം: സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് കബളിപ്പിക്കുന്ന വൻ മാഫിയ പ്രവർത്തിക്കുന്നതായി പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.കെ. ഗോപു പറഞ്ഞു. പുനലൂരിലെ നാലു ജൂവലറികളിൽനിന്ന് മാത്രം ഒന്നരക്കോടി രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്.
ആധുനിക സൗകര്യങ്ങളുള്ള മെഷിൻ ഉപയോഗിച്ചുപോലും കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിൽ നിർമിച്ചെടുക്കുന്ന ആഭരണങ്ങളാണ് സ്വർണമെന്ന വ്യാജേന പണയംവെക്കാൻ കൊണ്ടുവരുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് ഇതിനായി വൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കമീഷൻ നൽകി സാധാരണക്കാരെ ഉപയോഗിച്ചാണ് ഇവർ മുക്ക്പണ്ടം പണയത്തിനായി കൊണ്ടുവരുന്നത്.
സ്വർണവില വർധിച്ചതോടെ ഇത്തരം ആഭരണങ്ങളുടെ വരവും വർധിച്ചു. 40 ലക്ഷം രൂപവരെ വില വരുന്ന മെഷീൻ ഉപയോഗിച്ചുപോലും വ്യാജ ആഭരണം കണ്ടെത്താനാവുന്നില്ല. പല ബാങ്കുകളിലും അതിനേക്കാൾ വിലകുറഞ്ഞ മെഷീനുകളാണുള്ളത്. അവിടങ്ങളിലാണ് കബളിപ്പിക്കൽ നടക്കുന്നതും. ഇത്തരത്തിൽ കബളിപ്പിക്കുന്നവർക്കുള്ള ശിക്ഷ കുറവായതിനാൽ ഈ രംഗത്തേക്ക് കുടുതലാളുകൾ വരുന്നുണ്ട്.
നിയമം പരിഷ്കരിച്ച് കബളിപ്പിക്കുന്ന തുക അത്രയും കെട്ടിവെച്ചാൽ മാത്രം ജാമ്യം കൊടുക്കുകയും ശിക്ഷ വർധിപ്പിക്കുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളു എന്നും അദ്ദേഹം ചൂണ്ടികാട്ടി. അസോസിയേഷൻ സംസ്ഥാന സമ്മേളനം ഈ മാസം 28ന് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിൽ രാവിലെ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബി. ഗണേഷ്കുമാർ മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപള്ളി, ജില്ല പ്രസിഡന്റ് ജി. ശുഭവർമ്മരാജ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

