പച്ചക്കറി പൊള്ളുന്നു
text_fieldsകുളത്തൂപ്പുഴ: ഓണക്കാലമായതോടെ കിഴക്കന്‍ മലയോര മേഖലയിലടക്കം പച്ചക്കറിക്ക് തീവിലയായി. മലയാളിയുടെ തീന്മേശയില് ഓണസദ്യയായി എത്തുന്നവയിലേറെയും അയല്‍ സംസ്ഥാനത്തുനിന്നെത്തുന്ന പച്ചക്കറി വിഭവങ്ങളാണ്. ഓണക്കാലമായതോടെ എല്ലാത്തരം പച്ചക്കറികളുടെയും വില മുമ്പുണ്ടായിരുന്നതില്‍ ഇരട്ടിയിലധികമായി മാറിയതായി വ്യാപാരികള്‍ തന്നെ പറയുന്നു. ഒരുമാസം മുമ്പു വരെ 100 രൂപക്ക് ലഭിച്ചിരുന്ന സാമ്പാര്‍കൂട്ട് ഓണമായതോടെ ഇരുന്നൂറും ഇരുന്നൂറ്റമ്പതുമായി മാറി.
ഇഞ്ചിക്കും നാരങ്ങക്കും വെള്ളരിക്കും മത്തനുമെല്ലാം വില ഇരട്ടിയോളമായി. ഓണക്കാലം മുന്നില്‍ കണ്ട് അയല്‍ സംസ്ഥാനത്ത് മൊത്ത വ്യാപാര വില തന്നെ ഉയര്‍ന്നതായി വ്യാപാരികള്‍ പറയുമ്പോള്‍ ഇവിടെ മലയാളിയുടെ ഓണസദ്യക്ക് വിലയേറുകയാണ്. കിഴക്കന്‍ മലയോര മേഖലയില്‍ പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറി വിഭവങ്ങള്‍ വിപണിയിലേക്കെത്തുന്നുണ്ടെങ്കിലും ഓണക്കാലത്തെ ആവശ്യത്തിന് തികയുന്നില്ലെന്നതും ഓണത്തിനാവശ്യമായ എല്ലാ വിഭവങ്ങളും പ്രാദേശികമായി വിളയിക്കുന്നില്ലെന്നതും പൊതുജനങ്ങളെ അയല്‍ സംസ്ഥാന പച്ചക്കറിയെ ആശ്രയിക്കാനിടയാക്കുന്നു.
പ്രാദേശികമായി ഏറെ പ്രിയമുള്ള നാടന്‍ നേന്ത്രക്കായക്കും വാഴക്കുലകള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണികളില്‍ പോലും ഉയര്‍ന്ന വിലയായിരുന്നു. കാണം വിറ്റും ഓണമുണ്ണണമെന്ന പഴഞ്ചൊല്ലിനെ അന്വര്ഥമാക്കാന് ഉയര്‍ന്ന വിലയൊന്നും കാര്യമാക്കാതെ കഴിഞ്ഞ ദിവസങ്ങളില്‍ പച്ചക്കറി കടകളിലെല്ലാം വന്‍ തിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

