വോട്ടെണ്ണലിന് തയാറെടുപ്പുകളായി - കലക്ടർ
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് വിപുലമായ തയാറെടുപ്പുകളായെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എൻ. ദേവിദാസ്.
ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിൽ പോസ്റ്റൽ ബാലറ്റുകൾ ആണ് ആദ്യം എണ്ണുന്നത്. കൗണ്ടിങ് ആരംഭിച്ചശേഷം വോട്ടിങ് മെഷീനുകൾ വഴിയുള്ളതും എണ്ണും. ഗ്രാമപഞ്ചായത്തിലെ ഫലങ്ങൾ രാവിലെ എട്ടരയോടെ ലഭ്യമാകും. ത്രിതല സംവിധാനം നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് വോട്ടെണ്ണലിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. മുൻസിപ്പൽ/ കോർപറേഷൻ പ്രദേശങ്ങളിൽ ബന്ധപ്പെട്ട സെക്രട്ടറിമാർക്കാണ് ചുമതല.
ബ്ലോക്ക് തലത്തിനുള്ള കൗണ്ടിങ് സെന്‍ററിൽ ഓരോ ഗ്രാമപഞ്ചായത്തിനും പ്രത്യേകമായ കൗണ്ടിങ് ഹാളുകൾ ഉണ്ടായിരിക്കും. വോട്ടെണ്ണലിന്റെ തൽസമയ വിവരങ്ങൾ ട്രെൻഡ് സോഫ്റ്റ്‌വെയറിലൂടെ ലഭിക്കും. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് മത്സരിക്കുന്ന വാർഡിലെ വോട്ടിങ് മെഷീൻ എണ്ണുന്ന ടേബിളിലേക്കും ബ്ലോക്ക് /ജില്ല തലങ്ങളിൽ ഓരോ ഡിവിഷന്‍റെയും വോട്ടുകൾ ഏതൊക്കെ ടേബിളിലാണ് എണ്ണുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലും ഓരോ സ്ഥാനാർഥിക്കും മത്സരിക്കുന്ന ഡിവിഷന്‍റെ വോട്ടുകൾ എണ്ണുന്ന ഓരോ ടേബിളിലേക്കും ഒരു കൗണ്ടിങ് ഏജന്‍റ് എന്ന കണക്കിനും നിയമിക്കാം.
കൗണ്ടിങ് ഏജന്‍റുമാരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ഗ്രാമ /ബ്ലോക്ക് ആർ.ഒമാർക്ക് നൽകാം. പോസ്റ്റൽ ബാലറ്റുകൾ അതാത് വരണാധികാരികൾ പ്രത്യേകം തയ്യാറാക്കിയ ടേബിളിലാണ് എണ്ണുന്നത്. ജില്ല പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി വരണാധികാരി കൂടിയായ കലക്ടർ കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഡിവിഷനുകളുടെ ഫല പ്രഖ്യാപനവും കലക്ടറേറ്റിലാണ് നടക്കുന്നത്. ജില്ല പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ് എണ്ണുന്ന ഹാളിൽ പ്രവേശിക്കുന്ന ഏജന്‍റുമാർക്കുള്ള പാസ് ലഭിക്കുന്നതിന് ജില്ല പഞ്ചായത്ത് വരണാധികാരിക്കും മറ്റ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ/ ബ്ലോക്ക്/മുനിസിപ്പൽ /കോർപ്പറേഷൻ വരണാധികാരികൾക്കും അപേക്ഷ സമർപ്പിക്കാം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്രമസമാധാന പാലനത്തിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

