മഴ: മിക്കയിടത്തും വ്യാപകനാശം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി
text_fieldsചവറ: കനത്തമഴയിൽ ചവറയിൽ ഗ്രാമീണ റോഡുകൾ മിക്കതും വെള്ളത്തിൽ മുങ്ങി. വീടുകളിലും കടകളിലും വെള്ളംകയറി. കൊറ്റംകുളങ്ങര ഗവ. എച്ച്.എസ്.എസിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പന്മനയിൽ ആലപ്പുറത്ത് മുക്ക്, വലിയത്ത് മുക്ക്, ഇടപ്പള്ളി കോട്ടഭാഗങ്ങളിൽ റോഡുകളിലെ വെള്ളപ്പൊക്കം യാത്രക്കാരെ വലച്ചു. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ് കാരണം. അമ്മവീട്, കൊട്ടുകാട്, ക്രസന്റ് മുക്ക്, ചവറ ബസ്സ്റ്റാൻഡ്, പുത്തൻകോവിൽ, കൊറ്റംകുളങ്ങര, മേനാമ്പള്ളി, പുതുക്കാട്, മുകുന്ദപുരംഎന്നിവിടങ്ങളിൽ വീടുകളിൽ വെള്ളംകയറി. അശാസ്ത്രീയമായ റോഡ് നിർമാണവും ഓട നിർമിക്കേണ്ടതായ സ്ഥലങ്ങളിൽ ഫണ്ട് അനുവദിക്കാത്തതും വെള്ളക്കെട്ടിന് കാരണമായതായി നാട്ടുകാർ പറയുന്നു. ഗ്രാമീണ റോഡുകൾ പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടു. വെള്ളപ്പൊക്കം മൂലം അപകടാവസ്ഥ കണക്കിലെടുത്ത് ചവറക്ക് കിഴക്ക് കരിലിൽ വയൽ റോഡ് നാട്ടുകാർ വീണ്ടും അടച്ചു. പുത്തൻകോവിലിൽ മരച്ചില്ല വീണ് വൈദ്യുതി ലൈനുകൾ പൊട്ടി.
മേൽക്കൂര തകർന്നു വീണു
ശാസ്താംകോട്ട: പോരുവഴിയിൽ ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. ചാലുംപാട് വടക്കതിൽ രാജന്റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലാണ് നാശം. സംഭവ സമയം വീടിനകത്ത് രാജനും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും ഇവർ അടുക്കള ഭാഗം വഴി ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
വീടുകളിൽ വെള്ളംകയറി
ശാസ്താംകോട്ട: തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി മേഖലകളിൽ വെള്ളക്കെട്ട്. റോഡിലും പരിസരത്തെ വീടുകളിലും കടകളിലും വെള്ളംകയറി. തെറ്റിക്കുഴി ഷാജി നടത്തുന്ന ചായക്കട വെള്ളത്തിലായി.
തുണ്ടിൽ ജങ്ഷനു കിഴക്ക് ഭാഗത്ത് ഓട കവിഞ്ഞൊഴുകി തുണ്ടിൽ പടിഞ്ഞാറ്റതിൽ മുഹമ്മദ് കുഞ്ഞ്, പുന്നവിള പുത്തൻവീട്ടിൽ നവാസ്, എട്ടുരുത്തി തെക്കതിൽ നൗഷാദ് എന്നിവരുടെ വീടുകളിലും വെള്ളംകയറി. പള്ളിശ്ശേരിക്കൽ ആലത്തൂർ - പൊയ്കമുക്ക് റോഡിലും സമീപത്തെ വീടുകളിലും വെള്ളംകയറി നാശനഷ്ടമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

