പ്രവാസം മുടക്കി കോവിഡ്; ക്ലച്ച് പിടിച്ച് നാട്ടിലെ കൃഷി
text_fieldsപ്രവാസി യുവാക്കൾ കൃഷിയിടത്തിൽ
മയ്യനാട്: പ്രവാസലോകത്ത് തിരികെയെത്താനുള്ള ശ്രമം കോവിഡ് മുടക്കിയതോടെ നാട്ടിലെ മണ്ണിൽ പണിയെടുത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനാണ് മയ്യനാട് വലിയവിള സ്വദേശികളായ എഴംഗസംഘം.പ്രവാസി ആയിരുന്ന സാജനും വിജയകുമാറും ശ്രീജിത്തും തങ്ങളുടെ അവധിക്കാലം ചെലവഴിക്കാനാണ് നാട്ടിലെത്തിയത്. ലോക്ഡൗൺ ആയതോടെ തിരിച്ചുപോക്ക് മുടങ്ങി. ഇതോടെ കൃഷിയിലേക്കിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ശ്രീലാൽ, ഷിനോയി ഷൈൻഗോപാൽ, പൊടിയൻ എന്നിവരും ഇവർക്കൊപ്പം ചേർന്നു.
മയ്യനാട് വലിയവിള ക്ഷേത്രത്തിന് സമീപം ഒരേക്കർ തരിശുസ്ഥലം ഇവർ കൃഷി ചെയ്യാൻ കണ്ടത്തി വൃത്തിയാക്കി. കപ്പ, വാഴ, പടവലം, വെണ്ട, കപ്പലണ്ടി, തക്കാളി, വിവിധ ഇനം മുളകുകൾ, വെള്ളരി, മത്തൻ എന്നിവയാണതിൽ കൃഷിയിറക്കിയത്. ആദ്യകൃഷി മോശമായില്ലെന്ന് ഇവരുടെ കൃഷിയിടം കണ്ടാൽ ബോധ്യമാകും.
പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി നൽകി കൃഷിഭവൻ ഇവർക്ക് വഴികാട്ടിയായി. കൃഷി ലാഭമായതോടെ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ചെയ്താലോയെന്ന ചിന്തയിലാണിവർ.