ഓട്ടോറിക്ഷ മീറ്റർ; ആദ്യദിനം താക്കീത്, ഇനി നടപടി
text_fieldsനഗരത്തിലെ ഓട്ടോറിക്ഷകളുടെ മീറ്റർ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചിന്നക്കടയിൽ പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു
കൊല്ലം: നഗരത്തിൽ ഓട്ടോറിക്ഷകളുടെ മീറ്ററിന് ‘ജീവൻവെപ്പിക്കാൻ’ വീണ്ടും നടപടി കടുപ്പിക്കാനുള്ള കോർപറേഷൻതല ട്രാഫിക് ക്രമീകരണ സമിതിയുടെ തീരുമാനം വന്നതിന് പിന്നാലെ നിരത്തിൽ വ്യാപക പരിശോധനയുമായി പൊലീസ്. ആദ്യദിനം നഗരത്തിൽ സവാരി നടത്തിയ ഓട്ടോറിക്ഷകൾ ഉൾപ്പെടെ പരിശോധിച്ച്, മീറ്റർ പ്രവർത്തിപ്പിക്കാത്തവർക്ക് താക്കീത് നൽകി. എ.സി.പി നേരിട്ട് നേതൃത്വം നൽകിയ പരിശോധനയിൽ നിരവധി വാഹനങ്ങളാണ് മീറ്റർ പ്രവർത്തിപ്പിക്കാത്തവയായി കണ്ടെത്തിയത്.
ആദ്യം ബോധവത്കരണവും തുടർന്ന് നടപടിയും എന്നതാണ് നിലവിലെ സമീപനം. വരുംദിവസങ്ങളിൽ പിഴ ഉൾപ്പെടെ കർശന നടപടിയുമായി മീറ്റർ പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. വർഷങ്ങളായി, ഓട്ടോറിക്ഷ മീറ്റർ പ്രവർത്തനം കൊല്ലം നഗരത്തിൽ കീറാമുട്ടിയായി തുടരുകയാണ്.
മോട്ടോർ വാഹനവകുപ്പ്, പൊലീസ്, കോർപറേഷൻ എന്നിങ്ങനെ വിവിധ തലങ്ങളിൽ ‘കടുത്ത’ തീരുമാനം എടുത്ത് പരാജയപ്പെട്ട സമീപകാല ചരിത്രമാണ് ഓട്ടോറിക്ഷ മീറ്റർ വിഷയത്തിൽ കൊല്ലം നഗരത്തിൽ ഉള്ളത്. തീരുമാനങ്ങൾ മുറയ്ക്കുവരുമെങ്കിലും നടപ്പാകാത്ത സ്ഥിതി ഇത്തവണയെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന ചോദ്യമുയർത്തുകയാണ് നഗരവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

