വീടുകയറി പൊലീസ് അതിക്രമം: നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി
text_fieldsകൊല്ലം: തിരുവോണദിനത്തിൽ ഓണാഘോഷത്തിനിടെ മൈനാഗപ്പള്ളിയിൽ ശാസ്താംകോട്ട പൊലീസിന്റെ വീടുകയറിയുള്ള അതിക്രമത്തിനെതിരെ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്രമിക്കപ്പെട്ടവർക്ക് നീതിലഭിക്കുന്നില്ലെന്നും ആക്രമണത്തിനിരയായവർ.
12 വയസ്സുകാരനെയും വൃക്കരോഗിയെയും അടക്കം പൊലീസ് മർദിച്ചതായും സ്ത്രീകളെ അപമാനിച്ചതായും പരാതി നൽകിയിട്ടും അന്വേഷണം നടത്തുന്നില്ലെന്നാണാക്ഷേപം.
മർദനമേറ്റവർക്ക് പൊലീസിന്‍റെ നിർദേശപ്രകാരം താലൂക്കാശുപത്രിയിൽ ചികിത്സ നിഷേധിക്കുകയും ചെയ്തു. ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തിൽ നടന്ന അതിക്രമത്തിനെതിരെ കൊല്ലം റൂറൽ എസ്.പി, കലക്ടർ, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ബാലാവകാശ കമീഷൻ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പൊലീസുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിരപരാധികളെയാണ് അറസ്റ്റ് ചെയ്തത്.
തിരുവോണദിവസം മൈനാഗപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ടിൽ പ്രദേശത്തെ പെൺകുട്ടികളുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പ്രദേശവാസികളായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
സംഭവമറിഞ്ഞ് ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ലാത്തിവീശുകയും നിരവധിപേർക്ക് അടിയേൽക്കുകയും ചെയ്തു. ഇതിനിടെ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന യുവാവിന്റെ കൈക്കും ലാത്തിയടിയേറ്റു. ഇതുകണ്ട് സ്ഥലത്തുണ്ടായിരുന്നവർ പൊലീനെ ചോദ്യംചെയ്തു. തുടർന്ന് പൊലീസും അവിടെ കൂടിയിരുന്നവരും തമ്മിൽ കൈയാങ്കളിയുണ്ടായി.
ഇതിൽ പ്രകോപിതരായ പൊലീസ്, സംഘർഷത്തിൽ ഉൾപ്പെട്ടവരെ തേടി ഗ്രൗണ്ടിന് സമീപത്തുണ്ടായിരുന്ന വീടുകളിൽ അതിക്രമിച്ചുകയറി കുട്ടികളെയും സ്ത്രീകളെയും അടക്കം മർദിച്ചുവെന്നാണ് അതിക്രമത്തിരയായവർ നൽകിയ പരാതിയിൽ പറയുന്നത്.
മൈനാഗപ്പള്ളി കടപ്പ കാഞ്ഞിരംവിള വീട്ടിൽ മുരളീധരൻപിള്ള, മഠത്തിൽ പടിഞ്ഞാറ്റതിൽ രാജേന്ദ്രൻ പിള്ള എന്നിവരുടെ വീടുകളിലാണ് അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ തിരുവോണത്തിന് കുടുംബാംഗങ്ങൾ ഒത്തുകൂടിയിരുന്നു.
അതിക്രമിച്ചുകയറിയ ഉദ്യോഗസ്ഥർ വീട്ടിലുണ്ടായിരുന്ന ഹരിശ്ചന്ദ്രൻ, ബാലചന്ദ്രൻ പിള്ള, ഗോപകുമാർ, ഇവരുടെ ഭാര്യമാർ, മക്കൾ എന്നിവരെ മർദിച്ചു. 12കാരന്റെ തോളിനാണ് അടിയേറ്റത്.
സംഭവം വിദ്യാർഥിനി മൊബൈലിൽ പകർത്തിയതിന് മൊബൈൽ പിടിച്ചുവാങ്ങി മുടിക്ക് കുത്തിപ്പിടിച്ച് അസഭ്യം പറയുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തു. പരീക്ഷയുടെ ഹാൾ ടിക്കറ്റടക്കമുള്ള ഫോൺ തിരികെ നൽകാൻ പൊലിസ് തയാറാകുന്നില്ല.
വനിതകളെ നേരിട്ടത് പുരുഷ പൊലീസുകാരാണ്. വനിത പൊലീസ് ആരുമുണ്ടായിരുന്നില്ല. അകാരണമായി തങ്ങളെ മർദിച്ച പൊലീസുകാർക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണിവർ. വാർത്തസമ്മേളനത്തിൽ അരുൺകുമാർ, ദിവ്യ, ലളിതാമ്മ, രജനി, ലക്ഷ്മി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

