തീരമേഖലയിൽ കർശന പരിശോധനയുമായി പൊലീസ്
text_fieldsകൊല്ലം: തീരസുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് പഴുതില്ലാത്ത സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന ബോട്ടുകളിൽ കൊല്ലം സിറ്റി പൊലീസ് വ്യാപകമായ പരിശോധന നടത്തി. കടൽമാർഗമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണമാണ് കൊല്ലം സിറ്റി പൊലീസ് മേധാവി കിരൺ നാരായണന്റെ മേൽനോട്ടത്തിൽ പരിശോധനകൾ നടത്തിയത്.
കൊല്ലത്തെ പ്രധാന ഹാർബറുകൾ ആയ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർമാരും അഞ്ച് പൊലീസ് ഇൻസ്പെക്ടർമാരും 67 പൊലീസ് ഉദ്യോഗസ്ഥരും എട്ട് സംഘങ്ങൾ ആയി തിരിഞ്ഞാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന സംഘടിപ്പിച്ചത്.
നിയമപരമല്ലാത്ത മത്സ്യബന്ധനം, മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത്, അനുവദനീയമല്ലാത്ത വയർലെസ്സ് സെറ്റ് എന്നിവയുടെ ഉപയോഗം, ബോട്ടുകളുടെ രജിസ്ട്രേഷൻ രേഖകൾ, ബോട്ടുകളിലെ ജീവനക്കാരുടെ വിവരങ്ങൾ എന്നിവ പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നു. 164 മത്സ്യബന്ധന ബോട്ടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനക്ക് മുന്നോടിയായി കൊല്ലം സിറ്റി പൊലീസ്, ജില്ലതല തീരസുരക്ഷ യോഗം നടത്തിയിരുന്നു.
ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ബോട്ടുകളുടെ രേഖകൾ പരിശോധനക്കായി ശേഖരിച്ചു. പരിശോധനയിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത് ഫിഷറീസ് വകുപ്പിന് കൈമാറി.
രാജ്യാന്തര അതിർത്തിയിൽ ഉണ്ടാകാൻ ഇടയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ സത്വരമായി പൊലീസിന് കൈമാറുമ്പോൾ വേഗത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് സഹായകരമാകും എന്ന് പൊലീസ് അറിയിച്ചു. മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാർ ഏറെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആയതിനാൽ അവരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ സൂക്ഷിക്കുന്നതിനും ബോട്ടുടമകൾക്ക് നിർദ്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

