
അമ്മയെ സംരക്ഷിക്കാത്ത മക്കളെ സംരക്ഷിച്ച് പൊലീസ്: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsകൊല്ലം: സ്വന്തമായുള്ള 58 സെൻറ് സ്ഥലത്തിൽ നിന്ന് 50 സെൻറ് രണ്ട് മക്കൾക്കായി എഴുതി നൽകിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന അമ്മയുടെ പരാതിയിൽ മക്കൾക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച ഇരവിപുരം പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അമ്മയുടെ സംരക്ഷണം സംബന്ധിച്ച് 2016 ഏപ്രിൽ 21ന് കൊല്ലം മെയിൻറനൻസ് ട്രൈബ്യൂണൽ ആൻഡ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പാസാക്കിയ ഉത്തരവ് രണ്ടാഴ്ചക്കകം നടപ്പാക്കിയ ശേഷം ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ രേഖാമൂലം വിശദീകരണം സർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. ഇക്കാര്യത്തിൽ പൊലീസിൽ നിന്നുണ്ടായിട്ടുള്ള കൃത്യവിലോപത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകി.
ഇരവിപുരം വാളത്തുംഗൽ സ്വദേശിനി സുമതി അമ്മ (80) സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ ജില്ല സാമൂഹികനീതി ഓഫിസർ, ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരിൽനിന്ന് റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മൂത്ത മകൻ കശുവണ്ടി വ്യാപാരിയാണ്. രണ്ടാമത്തെ മകൻ ആഫ്രിക്കയിൽ തോട്ടണ്ടി ഇറക്കുമതി നടത്തുകയാണെന്നും സാമൂഹികനീതി ഓഫിസർ അറിയിച്ചു.
മൂത്ത മകൻ പ്രതിമാസം 2000 രൂപ അമ്മക്ക് നൽകണമെന്നും രണ്ടാമത്തെ മകൻ അമ്മയെ സംരക്ഷിക്കണമെന്നുമാണ് ട്രൈബ്യൂണലിെൻറ ഉത്തരവ്. എന്നാൽ, മക്കൾ അമ്മയെ സംരക്ഷിക്കുന്നില്ല. സ്വന്തമായുള്ള എട്ട് സെൻറ് സ്ഥലത്ത് അമ്മ കുടിൽ കെട്ടി താമസിക്കുകയാണ് ചെയ്യുന്നത്. പരാതിക്കാരിയുടെ സഹോദരനാണ് വീട്ടുചെലവിന് പണം നൽകുന്നത്. കിടപ്പിലായ പരാതിക്കാരിയെ സംരക്ഷിക്കുന്നത് അയൽവാസിയായ സ്ത്രീയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അധികാരം ഉപയോഗിച്ച് ട്രൈബ്യൂണലിെൻറ നിർദേശം നടപ്പാക്കുന്നതിന് പകരം എതിർകക്ഷികളായ മക്കൾക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
ജില്ല സാമൂഹികനീതി ഓഫിസറുടെ റിപ്പോർട്ടാണ് വിശ്വാസയോഗ്യമെന്നും കമീഷൻ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാത്ത ഇരവിപുരം പൊലീസിനെതിരെ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
