തെന്മലയിലേക്ക് മാറ്റിയ പൊലീസ് സർക്കിൾ ഓഫിസ് വീണ്ടും കുളത്തൂപ്പുഴയിൽ
text_fieldsകുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനു സമീപത്തെ കെട്ടിടത്തിൽ സർക്കിൾ ഓഫിസ് പ്രവർത്തനം
പുനരാരംഭിച്ചപ്പോൾ
കുളത്തൂപ്പുഴ: ഒന്നര മാസം മുമ്പ് തെന്മലയിലേക്ക് മാറ്റിയ പൊലീസ് സർക്കിൾ ഓഫിസ് വീണ്ടും കുളത്തൂപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു. നാലു പതിറ്റാണ്ടായി കുളത്തൂപ്പുഴയിൽ പ്രവർത്തിച്ച ഓഫിസ് ഭരണപരമായ സൗകര്യത്തിനെന്ന പേരിലാണ് തെന്മലയിലേക്ക് മാറ്റിയത്.
യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥലത്തേക്ക് ഓഫിസ് മാറ്റിയത് നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും പ്രതിഷേധമുയരുകയും ചെയ്തു. എണ്പതുകളിൽ കുളത്തൂപ്പുഴയിലാരംഭിച്ച സർക്കിൾ ഓഫിസിനു കീഴിൽ കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, തെന്മല പൊലീസ് സ്റ്റേഷൻ പരിധികളാണ് ഉൾപ്പെട്ടിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഏരൂർ, അഞ്ചൽ പൊലീസ് സ്റ്റേഷനുകൾ സംയോജിപ്പിച്ച് അഞ്ചൽ സർക്കിൾ രൂപീകരിക്കുകയും ബാക്കിയുള്ള പ്രദേശങ്ങൾ കുളത്തൂപ്പുഴ സർക്കിളിൽ തുടരുകയുമായിരുന്നു. ആദ്യഘട്ടത്തിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചതെങ്കിലും തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ക്വാർട്ടേഴ്സ് കെട്ടിടത്തിലേക്ക് മാറ്റി. വർഷങ്ങളോളം ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കവെ പൊലീസ് സ്റ്റേഷനു സമീപത്തായി അധുനിക സൗകര്യങ്ങളോടെ പ്രത്യേകം സർക്കിൾ ഓഫിസ് കെട്ടിടം നിർമിക്കുകയും അവിടേക്ക് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ഭരണപരമായ സൗകര്യമെന്ന പേരിൽ തോട്ടം മേഖലയായ തെന്മല കേന്ദ്രീകരിച്ച് സർക്കിൾ പ്രഖ്യാപിക്കുകയും ഓഫിസ് പ്രവർത്തനം അവിടേക്ക് മാറ്റുന്നതിന് നിർദേശമെത്തി. സ്ഥല സൗകര്യമില്ലാതെ പ്രവർത്തനമാരംഭിച്ച ഓഫിസിലേക്ക് എത്തുന്ന പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. തെന്മലയിലേക്ക് എത്തിച്ചേരാനുള്ള യാത്രാക്ലേശവും മറ്റും പരാതികൾക്കും രാഷ്ട്രീയ നേതൃത്വത്തിന് തലവേദനയായി മാറിയതോടെയാണ് കഴിഞ്ഞ ദിവസം ഓഫിസ് കുളത്തൂപ്പുഴയിലേക്ക് മാറ്റാനുളള ഉത്തരവ് ആഭ്യന്തര വകുപ്പിൽ നിന്നുമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

