ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍പോയ യുവാവ് പൊലീസ് പിടിയില്‍
text_fieldsകുളത്തൂപ്പുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ മാരകമായി കുത്തി മുറിവേല്‍പ്പിച്ചശേഷം ഒളിവില്‍പോയ യുവാവിനെ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ രണ്ടാം മൈല്‍ വയലിറക്കത്ത് വീട്ടില്‍ ശാലിനിയെ (25) കഴുത്തിലും നെഞ്ചിലം വയറ്റിലും മുതുകത്തും മാരകമായി കുത്തിമുറിവേല്‍പ്പിച്ചശേഷം കടന്നുകളഞ്ഞ ഭര്‍ത്താവ് വര്‍ക്കല താഴേവെട്ടൂര്‍ പാലവിള വീട്ടില്‍ ഇസ്മയിലിറെ (35) കഴിഞ്ഞ ദിവസം ആലുവ മെട്രോ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കുളത്തൂപ്പുഴ പൊലീസ് പിടികൂടി.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ശാലിനിയെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒപ്പമുള്ള രണ്ടു മക്കളെ ചാത്തന്നൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. കോഴിക്കോട് നടക്കാവ്, വർക്കല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസ് പ്രതിയായ ഇസ്മയില്‍, കാപ്പ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞ ഏതാനും നാളുകളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. വൈകുന്നേരം സ്ഥലത്തെത്തി ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ശേഷം ആലുവയിലെത്തി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
കൊല്ലം റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം പുനലൂര്‍ ഡി.വൈ.എസ്.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ എസ്.എച്ച്.ഒ ബി. അനീഷ്, എസ്.ഐ. പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുജിത്, അനീഷ്, സുബിന് സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

