കോർപറേഷനിൽ പ്രതിജ്ഞകൾ പലവിധം; ദൃഢപ്രതിജ്ഞ, ഈശ്വരനാമം...പിന്നെ അയ്യപ്പനാമം
text_fieldsകൊല്ലം കോർപറേഷനിലെ കൗൺസിൽ അംഗങ്ങുടെ സത്യ പ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനെത്തിയ ജനക്കൂട്ടം
കൊല്ലം: കോർപറേഷനിലേക്ക് വിജയിച്ചുകയറിയ അംഗങ്ങൾ ദൃഢപ്രതിജ്ഞയും ഈശ്വരനാമത്തിലും സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലർമാരായി. യു.ഡി.എഫിൽ രണ്ട് അംഗം ഒഴികെ എല്ലാവരും ഈശ്വരനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. എൽ.ഡി.എഫ് അംഗങ്ങളും ആർ.എസ്.പി അംഗങ്ങളും ഔദ്യോഗികമായി നൽകിയ സത്യവാചകത്തിലേതുപോലെ ദൃഢപ്രതിജ്ഞയെടുത്തു. എന്നാൽ, ബി.ജെ.പി അംഗങ്ങൾ കൂടുതലും ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ വാചകം പറഞ്ഞപ്പോൾ നാലുപേരുടെ സത്യപ്രതിജ്ഞ വ്യത്യസ്തമായി.
ബി.ജെ.പിയുടെ തെക്കേവിള ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ദീപിക പ്രമോജും കന്നിമേൽ വെസ്റ്റ് ഡിവിഷനിൽ നിന്നുള്ള അജിത്ത് ചോഴത്തിലും അയ്യപ്പനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാലത്തറ ഡിവിഷനിൽ നിന്നുള്ള ബി.ജെ.പിയുടെ കൗൺസിലർ ഡെസ്റ്റിമോണ കൂനമ്പായിക്കുളത്തമ്മയുടെ പേരിലും കടപ്പാക്കട ഡിവിഷനിൽ നിന്നുള്ള ബി.ജെ.പിയുടെ കൗൺസിലർ എ. പ്രഭിൻകുമാർ പട്ടത്താനം ശ്രീകൃഷ്ണസ്വാമിയുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തു. മുസ്ലിം ലീഗിന്‍റെ രണ്ട് അംഗവും എസ്.ഡി.പി.ഐയുടെ ഒരു അംഗവും അല്ലാഹുവിന്‍റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുസ്ലിം ലീഗിന്‍റെ മണക്കാട് ഡിവിഷനിൽനിന്നുള്ള എ. സദക്കത്തും കയ്യാലക്കൽ ഡിവിഷനിൽനിന്നുള്ള മാജിദ വഹാബും ചാത്തിനാംകുളം ഡിവിഷനിൽനിന്നുള്ള എസ്.ഡി.പി.ഐ അംഗം എ. നിസ്സാറുമാണ് അല്ലാഹുവിന്‍റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർ. ഞായറാഴ്ച രാവിലെ 11.35 ഓടെ കലക്ടർ എൻ. ദേവിദാസ് അംഗങ്ങളിൽ മുതിർന്ന വ്യക്തിയായ 51-ാം ഡിവിഷൻ തങ്കശ്ശേരി കൗൺസിലർ കരുമാലിൽ ഡോ. ഉദയസുകുമാരന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് 55 പേർക്കും കരുമാലിൽ ഡോ. ഉദയസുകുമാരനാണ് സത്യവാചകം ചൊല്ലിനൽകിയത്.
ഒരു മണിക്കൂറോളം നീണ്ട സത്യപ്രതിജ്ഞ 12.30 ഓടെ അവസാനിച്ചു. ചടങ്ങിനുശേഷം ഡോ. ഉദയസുകുമാരന്‍റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ യോഗം ചേർന്നു. 26 ന് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന്‍റെ അറിയിപ്പ് വായിച്ച ശേഷം യോഗം പിരിഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ എ.ഡി.എം ജി.നിർമൽകുമാർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി .ജയശ്രീ, സൂപ്രണ്ട് കെ.സുരേഷ് , കൊല്ലം കോർപറേഷനിലെ വരണാധികാരികൾ, കോർപറേഷൻ സെക്രട്ടറി എസ്.എസ്. സജി, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

