കായൽ തീരത്ത് പ്ലാസ്റ്റിക് കത്തിക്കുന്നു; നടപടിയെടുക്കാതെ അധികൃതർ
text_fieldsകൊട്ടിയം: മൈലക്കാട് കാഞ്ഞിരംകടവിൽ പ്രവർത്തിക്കുന്ന അനധികൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് കത്തിക്കുന്നത് പതിവായി മാറുന്നതായി പരാതി. ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഇത്തിക്കര വാർഡിൽ മൈലക്കാട് ഭാഗത്ത് ഇത്തിക്കരയാറിന്റെ തീരത്തുള്ള കാഞ്ഞിരംകടവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലാണ് രാത്രി കാലങ്ങളിൽ ടൺകണക്കിന് പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകമൂലം ആറിന്റെ മറുകരയായ നെടുങ്ങോലം മേഖലയിൽ കഴിഞ്ഞ ആഴ്ചയിൽ കുഞ്ഞുങ്ങളടക്കം നിരവധി പേരാണ് ആശുപത്രികളിൽ അഭയം തേടിയത്. തുടർന്ന് നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നെങ്കിലും ആദിച്ചനല്ലൂർ പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കൊല്ലം-തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളിൽ നിന്നും സംഭരിക്കുന്ന മെഡിക്കൽ മാലിന്യം അടക്കമുള്ള ആക്രി സാധനങ്ങളും വർക്ക്ഷോപ്പ് വേസ്റ്റും രാത്രിയിൽ ഇവിടെയെത്തിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വേർതിരിച്ചു ആവശ്യമുള്ളവ എടുത്തശേഷം ബാക്കിയുള്ള പ്ലാസ്റ്റിക് വേസ്റ്റ് രാത്രിയോടെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായിയിട്ടുണ്ട്. ഇത്തിക്കരയാറിന്റെ വീതികൂടിയ ഭാഗവും മയ്യനാട് കായലും സംഗമിക്കുന്ന സ്ഥലമാണിത്. കാട് പിടിച്ചുകിടക്കുന്ന ഇവിടെ ശ്മശാനമൂകതയാണ്.
പൂട്ടിക്കിടക്കുന്ന വ്യവസാ യശാലകളും ക്രഷർ യൂനിറ്റും പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ കട്ട ചൂളകളും പൂട്ടിക്കിടക്കുന്ന വ്യവസായശാലകളുമാണ് ഇവിടെയുള്ളത്. ഈ സ്ഥാപനങ്ങളുടെയും സ്ഥലത്തിന്റെയും ഉടമസ്ഥർ ആരാണെന്ന് ജോലി ചെയ്യുന്നവർക്കും അറിയില്ല. ഇവിടങ്ങളിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളും കൂടാതെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും വൈകുന്നേരങ്ങളിൽ ഇവിടെയെത്തി താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവരാണ് ഇവിടെ പ്ലാസ്റ്റിക് കത്തിക്കുന്നത്. വള്ളത്തിലും മറ്റും എത്തുന്ന സാമൂഹിക വിരുദ്ധരുടെ താവളം കൂടിയാണ് ഇവിടെയെന്ന് നാട്ടുകാർ പറയുന്നു.
പകൽസമയം ശാന്തമാണെങ്കിലും രാത്രികാലങ്ങളിൽ മദ്യപാന, മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണ് ഇവിടം. വിവിധ കുറ്റകൃത്യങ്ങൾചെയ്ത ശേഷം കൊടുംകുറ്റവാളികൾ അഭയം തേടുന്നതും ഇവിടെയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി ഇവിടെ പരിശോധന നടത്തി സ്ഥലം ഉടമകളെ വിളിച്ചുവരുത്തി പ്ലാസ്റ്റിക് കത്തിക്കുന്നത് അവസാനിപ്പിച്ചു പഞ്ചായത്ത് ഇടപെട്ട് കാട് വെട്ടി തെളിയിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

