പദ്ധതികൾ മറന്നു; അപകടക്കുരുക്കഴിയാതെ പുനലൂർ
text_fieldsപുനലൂർ: പട്ടണത്തിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതികളെല്ലാം അധികൃതർ മറന്നു. രൂക്ഷമാകുന്ന ഗതാഗത സ്തംഭനത്തിലും തുടർന്നുണ്ടാകുന്ന അപകടങ്ങളിലും പട്ടണം വീർപ്പുമുട്ടുകയാണ്. വിഴിഞ്ഞം-കൊല്ലം- പുനലൂർ വ്യാവസായ ഇടനാഴി, ദേശീയപാത- ഗ്രീൻഫീൽഡ് ഹൈവേ എന്നിവ കൂടി പൂർണതയിലാകുന്നതോടെ ഇവിടെ വാഹനത്തിരക്കും അനുബന്ധ ഗതാഗത പ്രശ്നങ്ങളും നിയന്ത്രാണാതീതമാകും.
ഹൈവേകളടക്കം റോഡുകൾ സന്ധിക്കുന്നതും കൂടുതൽ തിരക്കേറിയതുമായ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ വാഹന നിയന്ത്രണത്തിന് ഒരുക്കിയ പൊളിഞ്ഞ ടാർ വീപ്പയും മുളങ്കമ്പും നശിച്ചതോടെ ട്രാഫിക് തോന്നുംപടിയാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ തലങ്ങുവിലങ്ങും റോഡുകൾ മുറിച്ചു കടക്കുന്ന ഭാഗമാണിവിടം.
കഴിഞ്ഞയാഴ്ച ബസ് ഡിപ്പോക്ക് മുന്നിൽ കാൽനടക്കാരന്റെ കാലിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങിയത് അശാസ്ത്രീയമായ ട്രാഫിക്കിന്റേയും നിയന്ത്രണമില്ലായ്മയുടേയും ഫലമാണ്. സമാനമായ നിരവധി അപകടങ്ങളാണ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനേന ഉണ്ടാകുന്നത്.
പ്രഖ്യാപിത പദ്ധതികളുടെ അഭാവത്തിൽതിരക്കും അപകടവും കുറക്കാൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കഴിയുമെങ്കിലും കാര്യമായ നടപടി ഉണ്ടാകുന്നില്ല. ഇടുങ്ങിയ പാതകളിലെ അനധികൃത വാഹന പാർക്കിങും തിരക്കേറിയ സമയങ്ങളിലെ ചരക്ക് കയറ്റിറക്കും നടപ്പാതകൾ പൂർണമായി ചെറുകിട കച്ചവടക്കാർ കൈയേറിയതും നിയന്ത്രിച്ചാൽ കുറെയൊക്കെ ആശ്വാസമായേനെ.
പാതകൾ മുറിച്ചുകടക്കാനുള്ള സൂചനയായ സീബ്ര ലൈനുകൾ മാഞ്ഞുപോയത് പുനസ്ഥാപിക്കുന്നില്ല. പ്രധാന പോയിന്റുകളിലെല്ലം പകൽ സയമത്ത് ട്രാഫിക് വാർഡൻമാരെ നിയമിച്ചും താൽകാലിക പ്രശ്ന പരിഹാരത്തിനെങ്കിലും അധികൃതർ തയ്യാറാകുന്നില്ലന്ന് ആക്ഷേപമുണ്ട്. പരാതി രൂക്ഷമാകുമ്പോൾ നഗരസഭ അധികൃതർ ട്രാഫിക് നിയന്ത്രണ കമ്മറ്റി വിളിച്ചുകൂട്ടി തിരുമാനം എടുക്കാറുണ്ടെങ്കിലും പിന്നേയും പഴയ അവസ്ഥയാണ്.
അധികൃതർ മറന്ന പദ്ധതികൾ
കെ.എസ്.ആർ.ടി.സി ജങ്ഷനിലെ ട്രാഫിക് ഐലന്റ്: ദേശീയപാതയും മലയോര ഹൈവേയും മറ്റ് നാലു റോഡുകളും സന്ധിക്കുന്നയിടം. കെ.എസ്.ആർ.ടി.സി ഡിപ്പോ, പ്രൈവറ്റ് ബസ് സ്റ്റോപ്പ് എന്നിവ കാരണം ഏറ്റവും കൂടുതൽ യാത്രക്കാർ എത്തി റോഡുകൾ മറികടക്കുന്നിടം.
കാൽനടക്കാർ കൂടുതൽ അപകടത്തിലാകുന്ന സ്ഥലം. ശബരിമല സീസണിൽ ടാർ വീപ്പയും മുളയും ഉപയോഗിച്ച് താൽക്കാലിക സുരക്ഷ ഒരുക്കാറുണ്ട്. ഇതെല്ലാം ഇപ്പോൾ നശിച്ചു. ട്രാഫിക് ഐലന്റ് സ്ഥാപിക്കുന്നതിന് വർഷങ്ങൾ മുമ്പ് പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ ദേശീയപാതയുടെ ഉൾപ്പടെ അധികൃതർ പരിശോധന നടത്തിയിരുന്നു. പദ്ധതി തയ്യാറാക്കി നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.
സ്കൈവേ
കെ.എസ്.ആർ.ടി.സി ജങ്ഷനിൽ കാൽനടക്കാർക്ക് സുരക്ഷ ഒരുക്കാൻ കച്ചേരി റോഡിലേക്ക് സ്വകാര്യ പങ്കാളിത്തത്തോടെ സ്കൈവേ നിർമിക്കുമെന്ന് നഗരസഭയുടെ സുവർണജൂബിലിയുടെ ഭാഗമായി 2021-22 ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.
റെയിൽവേ മേൽപാലം
മാർക്കറ്റ് ജങ്ഷനിൽ പഴയ റെയിൽവേ ക്രോസിൽ ആകാശ നടപ്പാത നിർമാണം. ഇതിനായി 2021-22 ബജറ്റിൽ നഗരസഭ ഒരു കോടി രൂപ വകയിരുത്തി റെയിൽവേയുടെ അനുമതിയും നേടിയിരുന്നു. റെയിൽവേയുടെ മേൽനോട്ടത്തിലാണ് നിർമാണം ഉദ്ദേശിച്ചെതെങ്കിലും തുടർ നടപടിയും പണവും ഇല്ലാത്തതിനാൽ ഈ പദ്ധതിയും നഗരസഭ അധികൃതർ മറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

