വ്യാജമരുന്ന് മാഫിയ സജീവമെന്ന് മരുന്ന് വ്യാപാര സംഘടന
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: കേരളത്തിലെ ഔഷധ വ്യാപാര മേഖലയിലെ വ്യാജമരുന്നു മാഫിയയുടെ ഇടപെടൽ ഗുരുതര ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നതായി ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ അടുത്തിടെ വ്യാജമരുന്നുകൾ പിടിച്ചെടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ ശുദ്ധീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. 2015ലെ ഫാർമസി റെഗുലേഷൻ ആക്ടിനെ ലംഘിച്ച് ചില സ്വകാര്യ സ്ഥാപനങ്ങൾ 13ശതമാനം മുതൽ എന്ന ഡിസ്കൗണ്ട് ബോർഡുകൾ സ്ഥാപിച്ച് ബ്രാൻഡഡ് ഇംഗ്ലീഷ് മരുന്നുകൾ വിലകുറച്ച് വിൽപ്പന നടത്തുന്നതിന് പിന്നിൽ ഈ വ്യാജ മരുന്ന് മാഫിയയുടെ പ്രവർത്തനമുണ്ട്.
16 ശതമാനം മാർജിൻ ലഭിക്കുന്ന ഹ്യൂമൻ മിക്സ്റ്റാർഡ് ഇൻസുലിൻ പോലുള്ള മരുന്നുകൾ പോലും 22ശതമാനം വരെ കുറച്ചാണ് വിറ്റഴിക്കുന്നത്. ഡിസ്കൗണ്ട് പ്രതീക്ഷിച്ചു മരുന്നു വാങ്ങുന്ന പൊതുജനം ഗുണനിലവാരം ഇല്ലാത്ത മരുന്നുകൾ ഉപയോഗിച്ച് മഹാരോഗികളാകാൻ സാധ്യതയുണ്ട്. ചില അജ്ഞാത കേന്ദ്രങ്ങളിൽ കമ്പനിയുടെ പേരിലും ലേബലിലും മരുന്നുകൾ നിർമ്മിച്ച് മാർക്കറ്റിൽ എത്തിക്കുകയും അമിത ഡിസ്കൗണ്ടിൽ ജനം വാങ്ങി കഴിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ജില്ലകളിൽ നിന്ന് മാത്രം 5.2 കോടിയോളം രൂപയുടെ വ്യാജമരുന്നുകൾ പിടികൂടിയിട്ടുണ്ട്.
സംസ്ഥാനത്തെ 30,000-ത്തോളം ലൈസൻസുകൾ പരിശോധിക്കാൻ 47ൽ താഴെ ഇൻസ്പെക്ടർമാരും, നാലു മരുന്നു പരിശോധന ലാബും മാത്രമാണ് നിലവിലുള്ളത്. വർഷം മാർക്കറ്റിൽ എത്തുന്ന 85000 ത്തിൽപ്പരം ബാച്ച് മരുന്നു പരിശോധിക്കുക അപ്രായോഗികമാണ്. ഡിസ്‌കൗണ്ട് സ്ഥാപനങ്ങളുടെ നിലവിലുള്ളതും മുൻകാലങ്ങളിലുള്ളതുമായ എല്ലാ മരുന്നിടപാടുകളും ഡ്രഗ്‌സ് ഡിപ്പാർട്ട്മെന്റിനോടൊപ്പം ദേശീയ അന്വേഷണ ഏജൻസികളെ കുടി ഉൾപ്പെടുത്തി സമഗ്രമായി അന്വേഷിക്കണമെന്ന് എ.കെ.സി.ഡി.എ ആവശ്യപ്പെട്ടു. എ.കെ.സി.ഡി.എ കൊല്ലം ജില്ല പ്രസിഡന്‍റ് എം. ശശിധരൻ, സെക്രട്ടറി പാരിപ്പള്ളി വി. രാധാകൃഷ്ണൻ, ട്രഷറർ നൈനാൻ അലക്സ്, ജോയിൻറ് സെക്രട്ടറി സലിം ഫർഗാദ്, വൈസ് പ്രസിഡൻറുമാരായ വി. പ്രശാന്ത് കുമാർ, എ.ആർ. ഷറഫുദീൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

