പെരുമൺ തീവണ്ടി ദുരന്തത്തിന് 35 വയസ്സ്; അപകടകാരണം ഇന്നും അജ്ഞാതം
text_fieldsപെരുമൺ സ്മൃതി മണ്ഡപം
1988 ജൂലൈ എട്ടിനായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസിന്റെ 12 ബോഗികൾ പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. യാത്രക്കാരും രക്ഷാപ്രവർത്തകരുമുൾപ്പെടെ 105 പേരാണ് അഷ്ടമുടിക്കായലിൽ വിലയം പ്രാപിച്ചത്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദുരന്ത കാരണം കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് കേന്ദ്ര സർക്കാർ രണ്ട് കമീഷനുകളെ നിയമിച്ചു.
റെയിൽവേ സേഫ്റ്റി കമീഷണർ സൂര്യനാരായണന്റെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ കമീഷൻ. കായലിൽ രൂപം കൊണ്ട ടൊർനാഡോ ചുഴലിക്കാറ്റ് മൂലമാണ് ട്രെയിൻ മറിഞ്ഞതെന്നായിരുന്നു കമീഷന്റെ കണ്ടെത്തൽ. എന്നാൽ, ചെറിയ കാറ്റുപോലും അനുഭവപ്പെട്ടില്ലെന്ന് തീവണ്ടി മറിഞ്ഞ സമയം കായലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരും പറഞ്ഞിരുന്നു. തുടർന്ന്, റിട്ട. എയർ മാർഷൽ സി.എസ്. നായിക്കിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ കമീഷനെ നിയമിച്ചു. അപകടകാരണം ‘ടൊർനാഡോ’ എന്നായിരുന്നു അവരുടെയും കണ്ടെത്തൽ. 35 വർഷം പിന്നിടുമ്പോഴും അപകടകാരണം അജ്ഞാതമായി തുടരുകയാണ്.
പെരുമൺ പാലത്തിനു സമീപം മരിച്ചവരുടെ ഓർമക്കായി സ്ഥാപിച്ച സ്മൃതി മണ്ഡപത്തിൽ പെരുമൺ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടക്കം കൂടാതെ വർഷവും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാറുണ്ട്. വിവിധ സംഘടനകളും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. പനയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമൺ ജങ്കാർകടവിൽ സ്മൃതിമണ്ഡപം സ്ഥാപിച്ചിരുന്നു.
എന്നാൽ, പെരുമൺ-പേഴുംതുരുത്ത്പാലം നിർമിക്കുന്നതിനു വേണ്ടി സ്മൃതി മണ്ഡപം നീക്കം ചെയ്യേണ്ടിവന്നു. അതിനാൽ ഇപ്പോൾ പാലത്തിനു സമീപം താൽക്കാലികമായി നിർമിച്ച മണ്ഡപത്തിലാണ് പനയം പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പുഷ്പാർച്ചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

