പിറവന്തൂരിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിന് അനുമതി
text_fieldsപത്തനാപുരം: ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പത്തനാപുരം താലൂക്കിലെ പിറവന്തൂരിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിന് അനുമതിയായി. പട്ടികവർഗ വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായാണ് പുതിയ ഓഫിസ് അനുവദിച്ചതെന്ന് ജ്യോതികുമാർ ചാമക്കാല എം.എൽ.എ അറിയിച്ചു.
നിലവിൽ ജില്ലയിൽ പുനലൂരിലെ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫിസർക്ക് കീഴിൽ കുളത്തൂപ്പുഴയിലാണ് എക്സ്റ്റൻഷൻ ഓഫിസ് പ്രവർത്തിക്കുന്നത്. ഇത് വിഭജിച്ചാണ് പിറവന്തൂരിൽ പുതിയ ഓഫിസിന് അനുമതിയായത്.
പരിധി വരുംദിവസങ്ങളിൽ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു. നിയോജകമണ്ഡലത്തിലെ കുരിയോട്ടുമല, മുള്ളുമല, വെള്ളംതെറ്റി പട്ടികവർഗ ഉന്നതികളിൽ അടിസ്ഥാനസൗകര്യം പോലുമില്ലാതെ വർഷങ്ങളായി നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് കുരിയോട്ടുമലയിൽ പട്ടികവർഗ വിഭാഗത്തിലെ കുടുംബങ്ങൾക്ക് വീടും വസ്തുവും അനുവദിച്ചെങ്കിലും, മിക്കതും ഉപയോഗശൂന്യമായി.
തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതികളിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതൊഴിച്ചാൽ മറ്റൊരു സഹായവും ലഭിച്ചിരുന്നില്ല. പിറവന്തൂരിൽ പുതിയ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് ആരംഭിക്കുന്നതിലൂടെ പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും പ്രദേശത്തിന്റെ വികസനത്തിനും പ്രയോജനകരമാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വിവിധ ആവശ്യങ്ങൾക്കായി ദൂരെയുള്ള ഓഫിസുകളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാകും. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, പഠനസഹായം, ഹോസ്റ്റൽ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കാനും,അർഹരായ കുടുംബങ്ങൾക്ക് ചികിത്സ സഹായ പദ്ധതികളിലേക്ക് വേഗത്തിൽ അപേക്ഷിക്കാനും തുടർനടപടികൾ നടത്താനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വീടില്ലാത്തവർക്കും മോശം സാഹചര്യങ്ങളിൽ താമസിക്കുന്നവർക്കും സർക്കാർ ഭവന പദ്ധതികളുടെ പ്രയോജനം വേഗത്തിൽ ലഭ്യമാക്കാനും, യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിൽ പരിശീലനം, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതിനും ഇതിലൂടെ വഴിതുറക്കും.
പട്ടികവർഗ മേഖലകളിലെ റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരാതികൾക്ക് അടിയന്തിര പരിഹാരം കാണാനും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് നിലവിൽ വരുന്നതോടെ സാധിക്കും.

