Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിൽ കാൽനടയാത്രികർക്കും വേണം അടിയന്തര സുരക്ഷ

text_fields
bookmark_border
ദേശീയപാതയിൽ കാൽനടയാത്രികർക്കും വേണം അടിയന്തര സുരക്ഷ
cancel

കൊല്ലം: ദേശീയപാതയിൽ നിർമാണം ഭൂരിഭാഗവും പൂർത്തിയായി, ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗങ്ങളിലും നിർമാണം പുരോഗമിക്കുന്നയിടങ്ങളിലും ഒരുപോലെ സുരക്ഷഭീഷണി നേരിട്ട് കാൽനടയാത്രികർ. ആറുവരിപ്പാതയിലും സർവിസ് റോഡിലും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ റോഡ് മുറിച്ചുകടക്കുന്നതിനും വശങ്ങളിലൂടെ നടക്കുന്നതിനും വലിയ പ്രയാസമാണ് കാൽനടയാത്രികർ നേരിടുന്നത്. മണ്ണ് നിറച്ച മതിലുകൾ കൊണ്ട് കെട്ടിപ്പൂട്ടിയ ജങ്ഷനുകളിലും ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ വരുന്ന പ്രധാനകേന്ദ്രങ്ങളിലും ജീവൻ കൈയിൽ പിടിച്ചാണ് ആളുകൾ റോഡ് മുറിച്ചുകടക്കുന്നത്. വാഹനങ്ങൾ വൻ വേഗത്തിൽ ചീറിയെത്തുന്ന ആറുവരിപ്പാതയിൽ പലയിടങ്ങളിലും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ സുരക്ഷിതമല്ലാത്ത രീതിയിൽ റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്.

കാൽനടയാത്രികർക്കായുള്ള നടപ്പാലങ്ങൾ ഇല്ലാത്തതിനൊപ്പം സുരക്ഷയെ പൂർണമായും അവഗണിക്കുന്ന സമീപനവും ഇതിന് കാരണമാകുന്നുണ്ട്. റോഡിന് വശങ്ങളിലും നടുവിലുള്ള ഡിവൈഡറുകൾ ചാടിക്കടന്നാണ് ആളുകൾ ഒരു വശത്തുനിന്ന് മറുവശങ്ങളിലേക്ക് പോകുന്നത്. കാവനാട്-കടമ്പാട്ടുകോണം റീച്ചിൽ നിർമാണം പൂർത്തിയായി വാഹനങ്ങൾ ചീറിപ്പായുന്ന കൊട്ടിയം, പറക്കുളം, വാഴപ്പള്ളി, ചാത്തന്നൂർ, അയത്തിൽ, മങ്ങാട് എന്നിങ്ങനെ പലയിടങ്ങളിലും ഇത് പതിവ് കാഴ്ചയാണ്. ചുറ്റിക്കറങ്ങി സമയം നഷ്ടമാകുന്നത് ഒഴിവാക്കുന്നതിനായാണ് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ അപകടകരമായ രീതിയിൽ ക്രോസ് ചെയ്യുന്നത്. പലയിടത്തും രാത്രിയിൽ വെളിച്ചമില്ലാതെ ഇരുട്ടിൽ മുങ്ങിക്കിടക്കുമ്പോൾ പോലും ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവരുണ്ട്.

അതിവേഗ ട്രാക്കിൽ കൂടിയും മറ്റും പാഞ്ഞെത്തുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോഴായിരിക്കും റോഡിൽ നിൽക്കുന്ന ആളുകളെ കാണുന്നത്. ചിലർ എക്സിറ്റിലൂടെയും എൻട്രൻസിലൂടെയും നടന്നുകയറുന്നതും ഇറങ്ങുന്നതും പെട്ടെന്ന് എത്തുന്ന വാഹനങ്ങളെ അപകടങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകും. ചിലയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ മാത്രം വെച്ച് അധികൃതർ തങ്ങളുടെ ജോലി ‘എളുപ്പമാക്കി’ പോകുമ്പോൾ, മറ്റ് ചിലയിടങ്ങളിൽ ഈ അപകടം മുൻകൂട്ടി കാണുന്നതേയില്ല. നിലവിലെ സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ കർശനമായ പരിശോധന നടത്തുകയും ട്രാഫിക് വാർഡൻമാരെ ഉൾപ്പെടെ ഇതിനായി നിയോഗിക്കുകയും റോഡിൽ എല്ലായിടത്തും മതിയായ വെളിച്ചം സ്ഥാപിക്കുകയും വേണമെന്ന് ആവശ്യമുയരുന്നുണ്ട്.

കാവനാട് മുതൽ കടമ്പാട്ടുകോണം വരെ എട്ടിടങ്ങളിൽ നടപ്പാലത്തിന് അനുമതിയായെന്ന് അധികൃതർ പറയുമ്പോഴും അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപ്പാലം നിർമിച്ച് ഉപയോഗപ്പെടാൻ ഇനിയും കാലം ഏറെ വേണ്ടിവരും. അതുവരെ അപകടസാധ്യത തുടരും എന്നതാണ് യാഥാർഥ്യം. കൂടാതെ, ഫുട് ഓവർബ്രിജ് അത്യാവശ്യമായ വേറെയും സ്ഥലങ്ങൾ റീച്ചിൽ ബാക്കിയാണ്. ഇവിടങ്ങളിലും സ്ഥലം കണ്ടെത്തി നടപ്പാലം നിർമിച്ചാൽ മാത്രമേ കാൽനടയാത്രികരെ ആറുവരിപ്പാതയിൽ സുരക്ഷിതരാക്കാൻ കഴിയൂ.

അതേസമയം, കൊല്ലം നഗരത്തിൽ ഉൾപ്പെടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച മൂന്ന് നടപ്പാലങ്ങൾ നോക്കുകുത്തികളായി തുടരുന്ന സ്ഥിതിയും അധികൃതർ ഓർക്കേണ്ടതുണ്ട്. അപകടരഹിതമായി റോഡ് മുറിച്ച് കടക്കാൻ ഈ നടപ്പാലങ്ങൾ ഉണ്ടായിരിക്കെ, അവയിൽ കയറാതെ താഴെ വാഹനങ്ങൾക്ക് ഇടയിലൂടെ റോഡ് ക്രോസ് ചെയ്യുന്ന ശീലക്കാരും നഗരത്തിൽ തന്നെ ഇപ്പോഴും സ്ഥിരംകാഴ്ചയാണ്. ഉയരത്തിലുള്ള നടപ്പാലങ്ങളിൽ കയറുന്നതിൽനിന്ന് മടിക്കുന്ന ശീലം മാറ്റുന്നതിന് വലിയതോതിൽ ബോധവത്കരണവും ഒപ്പം കർശനമായ നിയമപാലനവും വേണ്ടിവരും. അപ്പോഴും പടികൾ കയറി ഇറങ്ങുന്നതിന് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ പ്രശ്നങ്ങളും കാണേണ്ടതുണ്ട്.

റോഡ് മുറിച്ചുകടക്കുന്നതിനൊപ്പം അപകടകരമായി മാറിയിട്ടുണ്ട് സർവിസ് റോഡരികുകളിലൂടെ നടന്നുപോകുന്നതും. കൃത്യമായ നടപ്പാതകൾ ഇല്ലാതെയാണ് സർവിസ് റോഡ് നിർമാണം പൂർത്തിയാകുന്നത്. നിർമാണകമ്പനി നടപ്പാതയിൽ ഇന്റർലോക്കുകൾ പാകുന്നത് ഉൾപ്പെടെ ജോലികൾ പലയിടത്തും ചെയ്യുന്നുണ്ട്. അവിടെയും ഇവിടെയുമായി സുരക്ഷവേലിയും സ്ഥാപിക്കുന്നുണ്ട്. എന്നാൽ, ഇതു രണ്ടും ശാശ്വതമല്ല എന്നതാണ് യാഥാർഥ്യം. ഇൻർലോക്ക് പാകിയ നടപ്പാതയിൽ ഇല്ലാത്ത സാധനങ്ങൾ ഒന്നുമില്ല, ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോമറുകൾ, പരസ്യബോർഡുകൾ, സിമന്റ്-മൺ തിട്ടകൾ, കുഴികൾ എന്നിങ്ങനെ തടസ്സം പലവിധത്തിലാണ്. ഒരു കാൽ എടുത്ത് വെച്ച് പോലും പോകാൻ കഴിയാത്ത സ്ഥലങ്ങളുമുണ്ട്.

സുരക്ഷവേലി സ്ഥാപിക്കുന്നതിലും കൃത്യതയില്ല. പലയിടത്തും സർവിസ് റോഡിൽ ഇരുവശത്തേക്കും വാഹനങ്ങൾ പായുന്നുണ്ട്. ഇത് കൂടാതെ ആണ് നടപ്പാതയും റോഡും കടന്നുകയറുന്ന വാഹനപാർക്കിങ്. ഇതിനിടയിൽ അപകടമുനമ്പിലൂടെ എന്ന പോലെ ആണ് കാൽനടക്കാർ കടന്നുപോകേണ്ടത്. പലപ്പോഴും നടുറോഡിലൂടെ ആളുകൾ നടന്നുപോകേണ്ട തരത്തിലാണ് പാർക്കിങ്. നടപ്പാത തിരിച്ച്, വേലി സ്ഥാപിച്ച സ്ഥലങ്ങളിൽ പോലും നടപ്പാത കൈയേറി പാർക്കിങ്ങും കടകളുടെ കൈയേറ്റവും പതിവാണ്. ഇത്തരം പ്രശ്നങ്ങളിലേക്ക് അടിയന്തര ശ്രദ്ധ അധികൃതർ ചെലുത്തി കാൽനടയാത്രികർക്കും ദേശീയപാത സുരക്ഷിതപാതയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

എട്ട് ഫുട്ട് ഓവര്‍ ബ്രിഡ്ജുകള്‍ക്ക് അനുമതി

കാൽനടയാത്രികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ കൊല്ലത്ത് ദേശീയപാത കാവനാട് മുതല്‍ കടമ്പാട്ടുകോണം റീച്ചില്‍ എട്ട് ഫുട്ട് ഓവര്‍ ബ്രിഡ്ജുകള്‍ക്ക് അനുമതി. മങ്ങാട് (ചെയ്നേജ് 493+910), മുള്ളുവിള (ശ്രീനാരായണ പബ്ലിക് സ്കൂൾ ജങ്ഷൻ, ചെയ്നേജ് 497+800), ഉയമനല്ലൂര്‍ (ചെയ്നേജ് 500+500), സിതാര ജങ്ഷൻ കൊട്ടിയം (കിംസ് ഹോസ്പിറ്റലിന് എതിർവശം ചെയ്നേജ് 503+880), ചാത്തന്നൂർ ജങ്ഷൻ (ഭാരത് പെട്രോൾ പമ്പിന് സമീപം, ചെയ്നേജ് 507+200), ചാത്തന്നൂർ (എസ്.ബി.ഐക്ക് സമീപം, ചെയ്നേജ് 508+280), ചാത്തന്നൂർ (ശീമാട്ടി ജങ്ഷന് സമീപം, ചെയ്നേജ് 509+700), കല്ലുവാതുക്കല്‍ (ബസ്ബേയ്ക്ക് സമീപം, ചെയ്നേജ് 512+180) എന്നീ മേൽപാലങ്ങൾ നിർമിക്കാനാണ് അനുമതി ലഭിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

സര്‍വിസ് റോഡിന്‍റെ ഇരുവശത്തും മേല്‍പാലം സ്ഥാപിക്കുന്നതിന് സ്ഥലം ലഭിക്കുന്നതനുസരിച്ച് നിർമാണം നടത്തും. പ്രാദേശികമായ ആവശ്യങ്ങളും സാങ്കേതികമായി പാലം പണിയുന്നതിനുള്ള സാധ്യതയുമുള്ള സ്ഥലങ്ങള്‍ പരിഗണിച്ചാണ് ആദ്യഘട്ടമായി കാല്‍നട മേൽപാലങ്ങള്‍ നിർമിക്കുന്നതെന്നാണ് എം.പി വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pedestrians also need urgent safety on the national highway
Next Story