പത്തനാപുരം: ആറ്റില്‍ ചാടിയ യുവതിയെ കടത്തുകാര്‍ രക്ഷപ്പെടുത്തി. പത്തനാപുരം പിടവൂരിൽ രാവിലെ എേട്ടാടെയായിരുന്നു സംഭവം. കലഞ്ഞൂർ സ്വദേശിയായ വീട്ടമ്മ പിടവൂർ മുട്ടത്തുകടവ് പാലത്തിന് സമീപത്തുനിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആറ്റിലൂടെ ഒരു കിലോമീറ്ററോളം ഒഴുകിയ ഇവരെ ആദംകോട് കടവിലെ കടത്തുകാരനായ പ്ലാക്കോട്ട് വടക്കേവീട്ടിൽ ബാബുവും താഴത്ത് കുളക്കട മടത്തിനാൽ പുഴക്കടവിലെ കടത്തുകാരൻ ഷൺമുഖനും നീന്തിച്ചെന്ന് രക്ഷപ്പെടുത്തി.
അർബുദരോഗത്തിന് ചികിത്സയിലാണെന്നും ഭർത്താവ് വിദേശത്താണന്നും രണ്ട് മക്കളുണ്ടെന്നും യുവതി പൊലീസില്‍ മൊഴി നല്കി.
പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ബന്ധുക്കൾക്ക് കൈമാറി. രാവിലെ വീട്ടിൽനിന്ന് നടക്കാനിറങ്ങിയ യുവതി അഞ്ചു കിലോമീറ്റർ ദൂരം നടന്ന് പിടവൂരിലെത്തി കല്ലടയാറ്റിൽ ചാടുകയായിരുന്നത്രെ.