പത്തനാപുരം: വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ വീണ്ടും വന്യമൃഗശല്യം രൂക്ഷമാകുന്നു. ഒരാഴ്ചയ്ക്കിടെ നിരവധി തവണ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. കഴിഞ്ഞദിവസം പുന്നല പടയണിപ്പാറയില്‍ പുലിയിറങ്ങി പോത്തിനെ പിടിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ച ചെമ്പനരുവിയിലും മഹാദേവര്‍മണ്‍ വലിയകാവിലും പുലിയിറങ്ങി. വീടുകളുടെ മുന്നില്‍ കെട്ടിയിരുന്ന വളര്‍ത്തുനായ്ക്കളെയാണ് പുലി പിടിച്ചത്.
ജനവാസമേഖലയില്‍ കുരങ്ങ്, പന്നി, കടുവ, പുലി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യം ദിനംപ്രതി വർധിക്കുകയാണ്. കെ.ബി. ഗണേഷ്കുമാര്‍ വനംവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ മൃഗങ്ങളെ പിടികൂടാന്‍ ഇരുമ്പ് കൂടുകള്‍ വാങ്ങിയിരുന്നു. ഇവ ഉപയോഗിച്ച് മുമ്പ് മൃഗങ്ങളെ കെണിയിൽപെടുത്തി വനംവകുപ്പുദ്യോഗസ്ഥര്‍ ഉള്‍വനത്തില്‍ കൊണ്ടുവിട്ടിരുന്നു. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല.
വനാതിര്‍ത്തിയില്‍ നിര്‍മിച്ചിരുന്ന കിടങ്ങുകള്‍ നികന്നതും സൗരോര്‍ജ വേലികള്‍ തകര്‍ന്നതും വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നതിന് കാരണമാണ്. വന്യമൃഗങ്ങള്‍ ഇറങ്ങുന്ന എലപ്പക്കോട്, കടശ്ശേരി എന്നിവിടങ്ങളില്‍ സോളാര്‍ ഫെന്‍സിങ് മരം വീണും ബാറ്ററികള്‍ നശിച്ചും ഉപയോഗശൂന്യമാണ്. മുള്ളുമലയില്‍ നിര്‍മിച്ച കിടങ്ങുകളെല്ലാം മണ്ണ് നിറഞ്ഞ് നികന്ന് കഴിഞ്ഞു.
കുരങ്ങുകളുടെയും പന്നികളുടെയും ശല്യത്താല്‍ കൃഷി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കൂടുതല്‍ കൂടുകള്‍ കാട്ടുമൃഗശല്യമുള്ള പ്രദേശങ്ങളില്‍ സ്ഥിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.