കടശ്ശേരിയിലെ കാട്ടാന ആക്രമണം: ഇരുട്ടിൽ തപ്പി അധികൃതർ
text_fieldsകടശേരി മേഖലയിൽ ഭീതി പരത്തിയ കാട്ടാന (ഫയൽ ചിത്രം)
പത്തനാപുരം: പുന്നല കടശ്ശേരിയിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാൾ മരിക്കാനിടയായ സാഹചര്യമുണ്ടായിട്ടും ശാശ്വത പരിഹാരം കാണാനാകാതെ അധികൃതർ ഇരുട്ടിൽ തപ്പുന്നു. രണ്ട് ദിവസങ്ങളിലായി ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കാട്ടാനയെ ‘സ്പോട്ട്’ ചെയ്യാൻ കഴിഞ്ഞില്ല.
കോട്ടയത്ത് നിന്നും, തെന്മലയിൽ നിന്നും ഡ്രോൺ എത്തിച്ചാണ് പരിശോധന നടത്തിയത്. ഒരു തവണ എലപ്പക്കോട് ഭാഗത്ത് ആനയുടെ സാന്നിധ്യം ഉറപ്പിച്ചെങ്കിലും, പിന്നീട് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഒക്ടോബർ അഞ്ചിനാണ് കാട്ടാനയുടെ ആക്രമണത്തിൽ മേലെ ഉമ്മന്നൂർ വിനോദ് ഭവനിൽ രാജമ്മ (80) മരിച്ചത്. ജനരോഷം ശക്തമായതോടെ സി.സി.എഫ് ഇടപ്പെട്ട്, ആർ.ആർ.ടിയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വർഷങ്ങൾക്ക് മുമ്പേ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. എലപ്പക്കോട് മൈലവിള വീട്ടിൽ സഹദേവന്റെ ഏക്കറ് കണക്കിന് കൃഷിയിടത്തിൽ കാട്ടാന സംഹാരതാണ്ഡവമാടിയത് കഴിഞ്ഞ ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നത് നിത്യ സംഭവമായതോടെ സഹദേവന് ഒടുവിൽ കൃഷി ഉപേക്ഷിക്കേണ്ടി വന്നു. പിറവന്തൂർ മുള്ളുമല ഉന്നതിയിൽ വനവിഭവ ശേഖരണത്തിന് പോയ ദമ്പതികൾ ഉൾപ്പെടെയുള്ളവർ കാട്ടാന ആക്രമണത്തിൽനിന്ന് രക്ഷനേടാൻ മരത്തിന് മുകളിൽ കയറി രക്ഷപ്പെട്ടത് മാർച്ച് 18 ന് ആയിരുന്നു.
മുള്ളുമല ഉന്നതിയിൽ കരുണാകരൻ-റംസ ദമ്പതികളാണ് വിറക് ശേഖരണത്തിന് പോകും വഴി കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ മരമുകളിൽ അഭയം പ്രാപിച്ചത്. കറവൂർ മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണ്. മാസങ്ങൾക്ക് മുമ്പ് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തിയെങ്കിലും, പൂർണമായ പരിഹാരം കാണാൻ കഴിഞ്ഞില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

