വരൾച്ച രൂക്ഷം; കാടിറങ്ങി ചിന്നം വിളിച്ച് കാട്ടാനകൾ
text_fieldsകഴിഞ്ഞ ദിവസം അലിമുക്ക്-അച്ചൻകോവിൽ റോഡിൽ പട്ടാപകൽ കാട്ടാനയിറങ്ങിയപ്പോൾ
പത്തനാപുരം: വരൾച്ച കടുത്തതോടെ വെള്ളം തേടി കാട്ടാനകൾ നാട്ടിലിറങ്ങി ചിന്നം വിളിച്ച് തുടങ്ങി. അച്ചൻകോവിൽ-അലിമുക്കിൽ റോഡിലാണ് കഴിഞ്ഞ പകലും കാട്ടാനക്കൂട്ടമിറങ്ങിയത്.
റോഡിൽ മാർഗ തടസ്സം ഉണ്ടാക്കുന്ന കാട്ടാനകൾ യാത്രക്കാരുടെയും നാട്ടുകാരുടെയും ജീവന് ഭീഷണിയാവുകയാണ്. കാട്ടാനയുടെ മുന്നിലകപ്പെടുന്ന മിക്കവരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ സംഘം സഞ്ചരിച്ച വാഹനത്തിന് മുമ്പിലും കാട്ടാന പ്രത്യക്ഷപ്പെട്ട് ഭീതി പരത്തി. ഇതുമൂലം മണിക്കൂറുകളോളം റൂട്ടിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കാട്ടാനകൾ നടുറോഡിലിറങ്ങി ഭീതി പരത്തിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
വേനൽ കടുത്തതോടെയാണ് ആഹാരവും വെള്ളവും തേടി കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയത്. കോട്ടക്കയം, തൊടീക്കണ്ടം, ചെമ്പനരുവി, ചെരിപ്പിട്ട കാവ്, സഹ്യസീമ, കറവൂർ സന്യാസി കോൺ തുടങ്ങി കാനനപാതയിലാണ് ഇപ്പോൾ കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ കറവൂർ, തച്ചക്കോട് ജനവാസ മേഖലയിലും കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയിരുന്നു.
വനഭൂമിയിൽ വ്യാപകമായി യൂക്കാലി മരങ്ങൾ വച്ചുപിടിപ്പിച്ചതാണ് ജലസ്രോതസ്സുകൾ കാടുകളിൽ ഇല്ലാതാകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

