വൈറൽ ചുമയിൽ പകച്ച് കിഴക്കൻ മേഖല; തൊണ്ട കുത്തിയുള്ള ചുമയാണ് കൂടുതൽ പേരിലും കണ്ടുവരുന്നത്
text_fieldsപത്തനാപുരം: കാലാവസ്ഥവ്യതിയാനത്തോടെ വ്യാപകമായ 'വൈറൽ ചുമ' യിൽ പകച്ചിരിക്കുകയാണ് കിഴക്കൻ മേഖല. പനിയോടൊപ്പം പിടിപെടുന്ന ചുമ നീണ്ടുപോകുന്നത് ഏവരെയും ആശങ്കയിലാഴ്ത്തുന്നു. പ്രായവ്യത്യാസമില്ലാതെ ദിനംപ്രതി നിരവധി രോഗികളാണ് വൈറൽ ചുമക്ക് ചികിത്സ തേടുന്നത്.
പനി, തൊണ്ട വേദന, മൂക്കൊലിപ്പ് എന്നിവയോടൊപ്പം സാധാരണഗതിയിലുണ്ടാകുന്ന ചുമയാണ് ഒരുമാസത്തിനുശേഷവും നീണ്ടുപോകുന്നത്. അണുബാധ മാറിയിട്ടും നീളുന്ന ചുമ 'പോസ്റ്റ് -വൈറൽ ചുമ' എന്ന പേരിലാണ് അറിയപ്പെടുന്നത്. രാത്രി സമയങ്ങളിലും തണുപ്പ് ഏൽക്കുമ്പോഴും ഇത് കൂടാൻ സാധ്യത ഉള്ളതായാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. സാധാരണ ചുമയായി ഇതിനെ അവഗണിക്കുന്നവരും ഏറെയാണ്.
വൈറൽ അണുബാധക്ക് ശേഷം ശ്വാസനാളിയിലുണ്ടാകുന്ന അമിതമായ സെൻസിറ്റിവിറ്റിയും നീർക്കെട്ടുമാണ് പ്രധാനമായും പോസ്റ്റ് വൈറൽ ചുമക്ക് കാരണമാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. തൊണ്ട കുത്തിയുള്ള ചുമയാണ് കൂടുതൽ പേരിലും കണ്ടുവരുന്നത്. നാട്ടിൻപുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇതിന് ചികിത്സ തേടുന്നവർ ഏറെയാണ്.പത്തനാപുരം താലൂക്കാശുപത്രിക്ക് പുറമെ, സ്വകാര്യ ആശുപത്രികളിലും ചുമ പിടിപെട്ടവരുടെ തിരക്കാണ്. പട്ടാഴി, പിറവന്തൂർ, കുരിയോട്ട് മല, ചെമ്പനരുവി മേഖലകളിലും 'ചുമക്ക്' കുറവില്ല. ഉഷ്ണകാലമായതോടെ വായുവിലൂടെയും വൈറസ് പകരുന്നതാണ്, രോഗികളുടെ എണ്ണം വർധിപ്പിക്കുന്നത്.
എന്നാൽ ഇതിന് ചികിത്സ തേടാത്തവരും ഏറെയുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർ വേണ്ടവിധം ബോധവത്കരണം നടത്താത്തതും രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്ന നൂറിൽ അമ്പത് പേരും ചുമ പിടിപ്പെട്ടവരാണെന്നതാണ് ഞെട്ടിക്കുന്നത്. വൈറൽചുമയെ നിസ്സാരമായി കണ്ട് വീണ്ടും തണുത്ത സാധനങ്ങൾ ഉപയോഗിക്കുന്നവർ ഏറെയാണ്. നോമ്പ് കാലത്ത് ഇതിന്റെ വർധന പോസ്റ്റ് വൈറൽ ചുമയെ സങ്കീർണമാക്കിയേക്കാമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

