പത്തനാപുരം: ടെലഫോണ്‍ പോസ്റ്റുകള്‍ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. പാതിരിക്കൽ കുമ്പിക്കൽ പുത്തൻ വീട്ടിൽ റഹിം (59), കലഞ്ഞൂർ ഇടത്തറ അറയ്ക്കൽ വീട്ടിൽ റഷീദ് (39) എന്നിവരെയാണ് പത്തനാപുരം പൊലീസ് പിടികൂടിയത്. കഴിഞ്ഞ രാത്രി പരിശോധനക്കിടെ കടയ്ക്കാമണ്ണിൽ നിന്നുമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പുനലൂർ മൂവാറ്റുപുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ നിന്ന് ടെലിഫോൺ പോസ്റ്റുകൾ മാറ്റുന്നുണ്ട്. ഇവിടെ നിന്ന് പോസ്റ്റിന്റെ ചുവട് ഭാഗം കഷ്ണങ്ങളാക്കിയാണ് സംഘം സ്ഥിരമായി മോഷ്ടിക്കുന്നത്. ഇരുമ്പുകള്‍ ആക്രിക്കടകളിൽ വിൽപന നടത്തിയതായും പൊലീസ് കണ്ടെത്തി. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വഷിക്കുമെന്ന് പൊലീസ് എസ്.എച്ച്.ഒ ജയകൃഷ്ണൻ പറഞ്ഞു. എസ്.ഐമാരായ ശിവപ്രസാദ്, മധുസൂദനൻ, വിനോദ്, ശബരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.