പത്തനാപുരം: മാനസിക വെല്ലുവിളി നേരിടുന്ന മകൻ അമ്മയുടെ മൃതശരീരത്തിന് നാലുദിവസം കൂട്ടിരുന്നു. പട്ടാഴി ഗ്രാമപഞ്ചായത്തിലെ പനയനം കാഞ്ഞിരംവിള വീട്ടിൽ ജാനകിയമ്മ(100) യുടെ മൃതദേഹത്തിനൊപ്പമാണ് മകൻ സുരേന്ദ്രൻ നാലുദിവസം കഴിഞ്ഞത്.
കഴിഞ്ഞദിവസം നാട്ടുകാര്‍ മാതാവിനെ പറ്റി സുരേന്ദ്രനോട് അന്വേഷിച്ചപ്പോഴാണ് കിടപ്പിലാണെന്നും പുഴുവരിച്ചതായും പറയുന്നത്. സംശയം തോന്നിയ അയൽവാസികൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. ശരീരം ജീർണിച്ച് പുഴുക്കളും നിറഞ്ഞ നിലയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇരുവര്‍ക്കും പനി ബാധിച്ചിരുന്നതായി പറയുന്നു.
ജാനകിയമ്മക്ക് ആറുമക്കളാണുള്ളത്. ഇതിൽ മൂന്നുമക്കൾ നേരത്തെ മരിച്ചു.
വർഷങ്ങളായി സുരേന്ദ്രനൊപ്പമാണ് ജാനകിയമ്മ താമസിച്ചുവന്നത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്നുള്ള കോവിഡ് പരിശോധന ഫലത്തിന് ശേഷമേ മൃതദേഹം സംസ്കരിക്കൂവെന്ന് പൊലീസ് പറഞ്ഞു.