ഹരിപ്പാട്: എസ്.എം.എ എന്ന അപൂർവ്വ രോഗം ബാധിച്ച ഗൗതമി തൻ്റെ കുഞ്ഞു സമ്പാദ്യം പത്തനാപുരം ഗാന്ധിഭവന് കൈമാറി. ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി മികച്ച വിജയം നേടിയ ഗൗതമിക്ക് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സമ്മാനം കൊടുത്തയച്ചിരുന്നു.
ഗൗതമിയുടെ ആഗ്രഹപ്രകാരം പിന്നീട് വീട്ടിലെത്തിയ സോമരാജൻ്റെ കയ്യിൽ ഗൗതമി തനിക്ക് ലഭിച്ച ക്ഷേമ പെൻഷനിൽ നിന്ന് സ്വരുകൂട്ടിയ തുക ഗാന്ധിഭവൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമ്മാനിച്ചു.
ഗാന്ധിഭവന് ലഭിച്ച സമ്മനങ്ങളിൽ എറ്റവും അമൂല്യമായ സമ്മാനം ആണ് ഗൗതമി നൽകിയത് എന്ന് പുനലൂർ സോമരാജൻ പറഞ്ഞു. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, കാഥികൻ പുനലൂർ തങ്കപ്പൻ, അനിറ്റ് ചെറിയാൻ എന്നിവർ പങ്കെടുത്തു.