റോഡ് നവീകരണം പാതിവഴിയിൽ; ചളിയിലുരുണ്ട് പ്രതിഷേധം
text_fieldsറോഡ് നവീകരണത്തിലെ അശാസ്ത്രീയതയിൽ പ്രതിഷേധിച്ച് ഏനാത്ത്-പത്തനാപുരം പാതയില്‍ പട്ടാഴി വടക്കേക്കര റേഷൻകട ജങ്ഷനില്‍ ബദാംമുക്ക് സ്വദേശി ഷിഹാബ് ചളിയിലുരുളുന്നു
പത്തനാപുരം: ഏനാത്ത്-പത്തനാപുരം പാത നവീകരണം ഏങ്ങുമെത്താത്തതിലും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിലും പ്രതിഷേധിച്ച് പ്രദേശവാസിയുടെ ഒറ്റയാള്‍ പ്രതിഷേധം. പട്ടാഴി വടക്കേക്കര ബദാം മുക്കിനും റേഷൻകടക്കും ഇടക്കാണ് ബദാംമുക്ക് സ്വദേശി ഷിഹാബ് ചളിയിലുരുണ്ട് പ്രതിഷേധിച്ചത്.
റോഡ് നിർമാണ കരാർ കമ്പനിയുടെ നിരുത്തരവാദത്തിനെതിരെയാണ് പ്രതീകാത്മപരമായി ചളിയിലുരുണ്ട് പ്രതിഷേധിച്ചത്. പത്തനാപുരത്തുനിന്ന് മഞ്ചള്ളൂർ, കുണ്ടയം, കടുവാത്തോട് വഴി ഏനാത്ത് എത്തുന്നതാണ് നിർദിഷ്ട റോഡ്. ഒന്നര വർഷത്തിലധികമായി നിർമാണം നടക്കുകയാണ്.
എന്നാൽ, റോഡ് പൂർണമായി സഞ്ചാരയോഗ്യമല്ല. ബസ് സർവീസ് ഉൾപ്പെടെ നിർത്തലാക്കി. കലുങ്കുകളുടെ ഭാഗത്ത് ചളി നിറഞ്ഞതിനാൽ കാൽനടയാത്രപോലും അസാധ്യം. ജനപ്രതിനിധികളോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടാകുന്നില്ല. തുടർന്നായിരുന്നു പ്രതിഷേധം.

