പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരിയില്‍നിന്ന് കാണാതായ യുവാവിനെപ്പറ്റിയുള്ള അന്വേഷണം തീവ്രവാദവിരുദ്ധ സ്ക്വാഡ് ഏറ്റെടുക്കും.
മാങ്കോട് പാടത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ട് കേസുകളും തമ്മില്‍ ബന്ധമുണ്ടോ എന്ന് മനസ്സിലാക്കാനാണ് അന്വേഷണം. വനാതിര്‍ത്തിയിലെ താമസക്കാരനായ പിറവന്തൂര്‍ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കേക്കര ലതികവിലാസത്തില്‍ രവീന്ദ്രന്, ലതിക ദമ്പതികളുടെ മകന് രാഹുലിനെ കഴിഞ്ഞ ആഗസ്റ്റ് 19 മുതലാണ് കാണാതായത്.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് സി.ബി.ഐയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രാഹുലിെൻറ മാതാവ് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാവിലെ മാതാവ് ലതിക വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, പണം ഇവയെല്ലാം വീട്ടില്‍ തന്നെയുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍നിന്ന് കൊണ്ടുപോയത്.
പത്തനാപുരം പൊലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ 20ന് പുലര്‍ച്ച മൂന്നിന് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് വ്യക്തമായിരുന്നു. വനംവകുപ്പും പൊലീസും സംയുക്തമായി വനമേഖലയില്‍ ഒരുമാസത്തോളം ഊര്‍ജിതമായ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.