പത്തനാപുരം: അച്ചന്‍കോവില്‍ വനമേഖലയില്‍ ചെമ്പനരുവിയിലെ പലകപ്പാറ വെള്ളച്ചാട്ടം കാഴ്ചക്കാരുടെ മനംകവരുന്നു. കൊല്ലം, പത്തനംതിട്ട അതിര്‍ത്തിയില്‍ പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ വനത്തിനുള്ളിലാണ് പലകപ്പാറ. കാലവര്‍ഷം ശക്തമായതോടെ ജലപാതം സജീവമായിട്ടുണ്ട്. ഇതോടെ തദ്ദേശീയരായ നിരവധിയാളുകളാണ് എത്തുന്നത്.
ജലം തട്ടുകളായി താഴേക്ക് ഒഴുകിയിറങ്ങുന്നതിനാല്‍ കുത്തനെയുള്ള വെളളച്ചാട്ടമല്ല ഇവിടെ. അതിനാല്‍ തന്നെ അപകടകരമായ കുഴികളും കുറവാണ്. കോന്നി വനംഡിവിഷെൻറ കീഴില്‍ മണ്ണാറപ്പാറ റേഞ്ചിലെ മുള്ളുമല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയാണിവിടം. പാറയിലൂടെ ഏകദേശം അമ്പത് അടി താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്. പലക പോലെയുള്ള പ്രതലത്തിലൂടെ ജലം ഒഴുകിയിറങ്ങുന്നതിനാലാണ് പലകപ്പാറയെന്ന് പേര് ലഭിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ടില്‍ നിന്നും ഒഴുകിയെത്തുന്ന അരുവിയാണ് വെള്ളച്ചാട്ടമായി മാറുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ഇവിടെ വന്നുപോകാറുണ്ട്. എന്നാല്‍ കൃത്യമായ സംരക്ഷണമോ വരുന്നവര്‍ക്കുള്ള സുരക്ഷിതത്വമോ ഇവിടെയില്ലാത്തത് പ്രധാനപ്രശ്നമാണ്. ഇത്രയും വലിയ വെള്ളച്ചാട്ടം സമീപ മേഖലയിലെങ്ങും ഇല്ലാത്തതിനാല്‍ കൃത്യമായ പദ്ധതിയൊരുക്കി സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.