പത്തനാപുരം: കടശ്ശേരിയില്‍നിന്ന് കാണാതായ യുവാവിന് വേണ്ടി വകുപ്പുകളുടെ സംയുക്തസംഘം വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തി. പുനലൂര്‍ ഡിവൈ.എസ്.പി അനില്ദാസിെൻറ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ഡി.എഫ്.ഒ ഷാനവാസിെൻറ നേതൃത്വത്തില്‍ വനപാലകരും സംയുക്തമായാണ് പരിശോധന നടത്തിയത്. വനാതിര്‍ത്തിയിലെ താമസക്കാരനായ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കേക്കര ലതികവിലാസം രവീന്ദ്രെൻറ മകന് രാഹുലിനെയാണ് ആഗസ്റ്റ് 19 മുതൽ കാണാതായത്.
ഒമ്പത് ദിവസമായിട്ടും യുവാവിന് എന്ത് സംഭവിച്ചുവെന്ന സൂചന പോലും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വനത്തിനുള്ളില്‍ വീണ്ടും തിരച്ചില്‍ നടത്തിയത്. പൊലീസിെൻറയും വനപാലകരുടെയും നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, പണം ഇവയെല്ലാം വീട്ടില്‍ തന്നെയുണ്ട്. മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍ നിന്നും കൊണ്ടുപോയിട്ടുള്ളത്.
പത്തനാപുരം പൊലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ 20ന് പുലര്‍ച്ച മൂന്നിന് ശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് മനസ്സിലാക്കി. ഇതും പൊലീസിന് തലവേദനയായിട്ടുണ്ട്. സംഭവത്തില്‍ മാതാപിതാക്കളെയും സമീപവാസികളെയും ചോദ്യം ചെയ്യുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കൂടി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയത്. കൊട്ടാരക്കര റൂറല്‍ എസ്.പി ഹരിശങ്കര്‍ വൈകുന്നേരത്തോടെ രാഹുലിെൻറ വീട്ടില്‍ എത്തിയിരുന്നു. നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടില്‍ എസ്.പി പരിശോധന നടത്തി. മാതാപിതാക്കളോടും സഹോദരനോടും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ശനിയാഴ്ച വനംവകുപ്പ് കൂടുതല്‍ മേഖലയില്‍ പരിശോധന നടത്തും.