പത്തനാപുരം: വ്യാജഫേസ് ബുക്ക് അക്കൗണ്ട് നിര്‍മിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുണ്ടയം സ്വദേശിയായ യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര എസ്.സി, എസ്.ടി കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുണ്ടയം മലങ്കാവ് സ്വദേശികളായ മുഹമ്മദ് ഇല്യാസ്, ഫൈസല്‍, ഷംനാദ്, നജീബ്, നജീബ് ഖാന്, മുജീബ് റഹ്മാന്, അബ്ദുല്‍ ബാസിത് എന്നിവര്‍ക്കെതിരെയാണ് കേസ്.
കുണ്ടയം സ്വദേശിയായ അനീഷ് എന്ന യുവാവിെൻറ ഫോട്ടോയും വ്യാജ പ്രൊഫൈലും രൂപവത്കരിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ക്ക് കമൻറ് ഇടുകയായിരുന്നു. കമൻറുകള്‍ ചര്‍ച്ചയായതോടെ ഇവര്‍ തന്നെ അനീഷിനെതിരെ പൊലീസില്‍ പരാതിയും നല്കി. ഇതിെൻറ അടിസ്ഥാനത്തില്‍ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തില്‍ പങ്കില്ലെന്നും പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അനീഷ് കോടതിയെ സമീപിക്കുകയായിരുന്നു. പുനലൂര്‍ ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് കോടതി വിധി.